തിരുവനന്തപുരം/കോട്ടയം|
jibin|
Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (14:38 IST)
ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് എം ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്‌പി ആര്‍ സുകേശനെതിരെ കര്‍ശന നടപടി എടുക്കണമെന്നും കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു.
സുകേശനെതിരായ ക്രൈംബ്രഞ്ച് അന്വേഷണം എത്രയും വേഗം പുര്‍ത്തിയാക്കണമെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ മന്ത്രിമാരെ കുടുക്കാന്‍ ശ്രമിച്ചതിന് പുറമേ കെഎം മാണിക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും എസ്‌പി ആര്‍ സുകേശന്‍ ശ്രമിച്ചെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് കടുത്ത നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫില്‍ കുഞ്ഞാലിക്കുട്ടിയെ നൂറ് ശതമാനം വിശ്വസിക്കാന്‍ കഴിയുമെന്ന് ലീഗ് പരിപാടിയില്‍ കെഎം മാണി പറഞ്ഞിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തില്‍ കുറുമുന്നണിയെ കുറിച്ചുള്ള സംസാരങ്ങളും സജീവമായിരിക്കുന്ന പശ്‌ചാത്തലത്തിലാണ് കേരളാകോണ്‍ഗ്രസിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസിന്റെ ആവശ്യത്തെ എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പത്തിലാണ് മുഖ്യമന്ത്രി. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എടുത്തുചാടി ഒരു തീരുമാനമെടുക്കാന്‍ സാധിക്കാത്തതാണ് അദ്ദേഹത്തെ വലയ്‌ക്കുന്ന പ്രശ്‌നം.
ബാർ കോഴക്കേസിൽ മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്താൻ ബിജു രമേശിനെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ്
വിജിലൻസ് എസ്‌പി ആർ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി നൽകിയ ശുപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ബാര്‍ കോഴക്കേസ് അന്വേഷിച്ച സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിജു രമേശുമായി ചേർന്ന് സുകേശൻ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും കോഴ ഇടപാടില്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജുവിനെ സുകേശന്‍ നിര്‍ബന്ധിച്ചുവെന്നും കാട്ടി വിജിലൻസ് ഡയറക്ടർ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുകേശനെതിരെ അന്വേഷണ നടപടിയുണ്ടായത്.