കോട്ടയം|
ജോണ്‍ കെ ഏലിയാസ്|
Last Modified ശനി, 6 ഫെബ്രുവരി 2016 (14:44 IST)
കെ എം മാണി കാത്തിരിക്കുകയാണ്. ഈ മാസം 16ന് ശേഷം മാണി ചില നീക്കങ്ങളൊക്കെ നടത്തുമെന്നാണ് സൂചന. എന്തായാലും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനെതിരെ മാണി പൊട്ടിത്തെറിക്കുന്നതിന് അധികകാലം കാത്തിരിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ എത്തിയിരിക്കുന്ന നിഗമനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ മാണി ആഞ്ഞടിക്കുമെന്നും ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജുരമേശും ആര്‍ സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് ആഭ്യന്തരവകുപ്പിന് നല്‍കിയിരുന്നതാണ്. എന്നാല്‍ ആ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് ഒരുവര്‍ഷത്തോളം പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. ഇത് തന്നെ കുടുക്കാനായിരുന്നു എന്ന് മാണി ഉറച്ചുവിശ്വസിക്കുന്നു എന്നാണ് വിവരം.
ഈ റിപ്പോര്‍ട്ട് അന്ന് പരിഗണിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ മാണിക്ക് ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മാണി രാജിവയ്ക്കും വരെ ആ റിപ്പോര്‍ട്ട് പരിഗണിച്ചതേയില്ല. ഇപ്പോള്‍ ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പ് മന്ത്രിയായ ശിവകുമാറിനുമെതിരെ ബിജു രമേശ് തിരിഞ്ഞപ്പോഴാണ് പഴയ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്.
ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നുമാണ് കെ എം മാണി ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയതിനെക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിന് ഇപ്പോള്‍ തുനിയുന്നില്ലെന്നും മാണി പറയുന്നു. എന്നാല്‍ മാണിയുടെ നിശബ്ദത ഈ മാസം 16 വരെ മാത്രമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഈ മാസം 16നാണ് ബാര്‍ കോഴക്കേസ് കോടതി പരിഗണിക്കുന്നത്. ആ വിധി മാണിക്ക് അനുകൂലമായാല്‍ ഐ ഗ്രൂപ്പിനെതിരെ മാണി വിഭാഗം പരസ്യമായി പ്രതികരണം നടത്തുമെന്നാണ് വിവരം. മാത്രമല്ല, ചില വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും 16ന് ശേഷം മാണി ഗ്രൂപ്പ് ശ്രമം നടത്തിയേക്കും.