ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 10 ജനുവരി 2024 (18:50 IST)
കോട്ടയം : വയോധികരായ ദമ്പതികളുടെ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സ്വകാര്യ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറിക്കാട്‌ മാനാപറമ്പിൽ റജി ജേക്കബ് എന്ന 41 കാരനെ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ കളത്തിപ്പടിയിലെ സ്വകാര്യ ബാങ്കിൽ മാനേജരായിരിക്കുമ്പോൾ വിദേശത്തായിരുന്ന വയോധികരായ ദമ്പതികളിൽ നിന്ന് 16225000 രൂപയാണ് തട്ടിയെടുത്തത്. ഇയാൾ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖാ മാനേജരായിരിക്കെ വിദേശത്തുള്ള വയോധികർ അവിടെ അക്കൗണ്ട് തുടങ്ങിയപ്പോൾ അടുത്ത സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്നു. എന്നാൽ ഇയാൾ കളത്തിപ്പടി ശാഖയിലേക്ക് മാറിയ സമയത്ത് ദമ്പതികൾ വിദേശത്തു നിന്ന് നാട്ടിലെത്തി.

തുടർന്ന് വിദേശത്തുള്ള മക്കൾക്ക് പണം അയയ്ക്കാൻ മാനേജരെ സമീപിച്ചു. ഇതിനിടെ ഇയാൾ ബാങ്കിന്റെ ആവശ്യം എന്ന് പറഞ്ഞു ഇവരിൽ നിന്ന് ചെക്കുകൾ ഡെബിറ്റ് ഓതറൈസേഷൻ ലെറ്റർ എന്നിവ കൈക്കലാക്കി. ഇത് ദുരുപയോഗപ്പെടുത്തിയാണ് ഏറ്റുമാനൂർ, കളത്തിപ്പടി
ശാഖകളിലെ
ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പല തവണയായി രജി ജേക്കബിന്റെ സുഹൃത്തുക്കളുടെ പേരിലേക്ക് പണം മാറ്റിയത്.

എന്നാൽ സംശയം തോന്നി ദമ്പതികൾ ബാങ്കിനെ സമീപിക്കുകയും ക്രമക്കേടുകണ്ടെത്തുകയും ചെയ്തപ്പോൾ ഇയാൾ 22 ലക്ഷം രൂപ തിരികെ നൽകിയിരുന്നു. എങ്കിലും ബാക്കി തുക നൽകിയില്ല. തുടർന്നാണ് ദമ്പതികൾ പരാതി നൽകിയതും ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നിർദ്ദേശ പ്രകാരം കേസെടുത്തു ഈസ്റ്റ് പോലീസ് ഇയാളെ പിടികൂടിയതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :