വിമാനത്തിനുള്ളിലെ ആക്രമണ ശ്രമം; പ്രതികരിച്ച് മുഖ്യമന്ത്രി

രേണുക വേണു| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (20:29 IST)

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വിമാനത്തിലുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാപം ലക്ഷ്യമിട്ടുള്ള സമരങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും അതിനു ബിജെപിയുടെ സഹായം കിട്ടുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി
പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്.

കുറച്ചു നാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :