രേണുക വേണു|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (09:38 IST)
ATM Card Scam in Kerala: എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ഉപകരണം കൊച്ചിയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. പെന്‍ ഡ്രൈവിനോട് സദൃശ്യം തോന്നുന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനിലാണ് ഈ ഉപകരണം കണ്ടെത്തിയത്.
പിഒഎസ് മെഷീന്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പില്‍ സാമ്പത്തിക ഇടപാട് നടത്തുക സാധാരണ നടക്കുന്ന കാര്യമാണ്. ഇതിനായി നാം എടിഎം കാര്‍ഡ് നല്‍കുകയും ചെയ്യും. എന്നാല്‍ പിഒഎസ് മെഷീനില്‍ സൈ്വപ്പ് ചെയ്യുന്നതിനു മുന്‍പ് തങ്ങളുടെ കൈയിലുള്ള കുഞ്ഞന്‍ ഉപകരണത്തില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുകയാണ് ഈ വിരുതന്‍മാര്‍ ചെയ്യുന്നത്. പിന്നീട് ഉപഭോക്താവ് പിന്‍ നമ്പര്‍ അടിക്കുന്നത് ഒളിഞ്ഞുനോക്കി അത് മനസ്സില്‍ പതിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ തങ്ങളുടെ കൈയിലുള്ള ഉപകരണത്തില്‍ പതിയുകയും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധിക്കുകയും ചെയ്യും.
എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ആര്‍ക്കും എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ എഴുതി കൊടുക്കരുത്. ആരും കാണാതെയായിരിക്കണം എടിഎം പിന്‍ നമ്പര്‍ പിഒഎസ് മെഷീനില്‍ അടിക്കേണ്ടത്. പിഒഎസ് മെഷീന്‍ അല്ലാതെ എടിഎം കാര്‍ഡ് വേറെ ഏതെങ്കിലും ഉപകരണത്തില്‍ സൈ്വപ്പ് ചെയ്യുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും വിധത്തില്‍ എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ മറ്റുള്ളവര്‍ കണ്ടെന്ന് തോന്നിയാല്‍ ഉടന്‍ പിന്‍ നമ്പര്‍ മാറ്റണം. എടിഎം കാര്‍ഡ് കളവ് പോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.