കൊച്ചി|
JOYS JOY|
Last Updated:
ശനി, 12 മാര്‍ച്ച് 2016 (12:06 IST)
തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്)ല്‍ പൊട്ടിത്തെറി. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും മന്ത്രി അനൂപ് ജേക്കബും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. കഴിഞ്ഞദിവസം സീറ്റുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ തൃപ്‌തികരമല്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ചോദിച്ച മാധ്യമങ്ങളോട് ചര്‍ച്ചകള്‍ തൃപ്‌തികരമായിരുന്നു എന്ന മറുപടിയായിരുന്നു അനൂപ് ജേക്കബ് പറഞ്ഞത്. അനൂപ് ജേക്കബിന്റെ ഈ മറുപടി തന്നെ ഞെട്ടിച്ചെന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. മാതൃഭൂമി ചാനലിനോട് ആയിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം.
മൂന്നാം ദിവസത്തെ ചര്‍ച്ച കഴിഞ്ഞിറങ്ങുമ്പോള്‍ ചര്‍ച്ച തൃപ്‌തികരമല്ലെന്നാണ് താന്‍ പറഞ്ഞ്. ആ സമയത്ത് മന്ത്രി അനൂപ് ജേക്കബും മറ്റ് മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചാനലില്‍ ചര്‍ച്ച തൃപ്‌തികരമായിരുന്നെന്ന് അനൂപ് പറഞ്ഞത് തന്നെ ഞെട്ടിച്ചു. ഇക്കാര്യത്തെക്കുറിച്ച് അനൂപിനെ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്.
അനൂപിന്റെ ഈ നിലപാട് പാര്‍ട്ടിയുടെ വിലപേശാനുള്ള അവസരം ഇല്ലാതാക്കി. മറവി മനുഷ്യന് സംഭവിക്കുന്നതാണ്. എന്നാല്‍, പ്രധാനപ്പെട്ട കാര്യങ്ങളില്‍ മറവി പറ്റില്ലെന്നും
നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു കിട്ടിയേ തീരൂവെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം താന്‍ അനൂപിനെയും ഡെയ്‌സി ജേക്കബിനെയും വിളിച്ച് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അനൂപിന്റെ പ്രസ്താവന പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജുമായി വ്യക്തിപരമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് താനെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.