അനൂപ് ജേക്കബ് ഉറപ്പായും തോല്‍ക്കും; ഫ്രാന്‍സിസ് ജോര്‍ജിന്റെ പാളയത്തിലേക്ക് ജോണി നെല്ലൂരും‍, കോണ്‍ഗ്രസിന്റെ വാരിക്കുഴിയില്‍ ഇത്തവണ വീണത് ജേക്കബ് വിഭാഗം

നാലു സീറ്റുകൾ വേണമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം

കേരളാ കോണ്‍ഗ്രസ് , കേരളാ കോണ്‍ഗ്രസ് ജേക്കബ് , നിയമസഭ തെരഞ്ഞെടുപ്പ് , പിറവം
തിരുവനന്തപുരം/മൂവാറ്റുപുഴ| ജിയാന്‍ ഗോണ്‍സാലോസ്| Last Updated: തിങ്കള്‍, 14 മാര്‍ച്ച് 2016 (20:44 IST)
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പതിവിന് വിപരീതമായി കോണ്‍ഗ്രസ് ഘടകകഷികളെ വെട്ടിയൊതുക്കുകയാണ്. സീറ്റ് യുദ്ധത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ (എം) ചിറകരിഞ്ഞ ഉമ്മന്‍ചാണ്ടിയും സംഘവും ഇത്തവണ വേട്ടയാടുന്നത് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെയാണ്.

സിറ്റിംഗ് സീറ്റായ പിറവവും അങ്കമാലിയുമടക്കം നാലു സീറ്റുകൾ വേണമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം. പിറവത്ത്
മന്ത്രി അനൂപ് ജേക്കബ് മത്സരിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ജയസാധ്യത വളരെക്കുറവാണ്. ഭരണമികവില്ലാത്തതിനൊപ്പം യാക്കോബയ സഭയില്‍ നിന്നുണ്ടായിരുന്ന പിന്തുണ ഇടിഞ്ഞതും അദ്ദേഹത്തിന് തിരിച്ചടിയാകും. ഈ സാഹചര്യം മനസിലാക്കി കോണ്‍ഗ്രസ്
പിറവം മാത്രമെ നല്‍കുകയുള്ളുവെന്ന് പറയുന്നതിന്റെ കാരണം ഈ സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. അനുപ് തോല്‍ക്കുമെന്നാണ് മണ്ഡലത്തില്‍ പൊതുവെയുള്ള സംസാരം, അങ്ങനെ സംഭവിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിന് പിറവം തിരിച്ചെടുക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

അതേസമയം, കഴിഞ്ഞ തവണ അങ്കമാലി സീറ്റില്‍ മത്സരിച്ച് തോല്‍‌വി ഏറ്റവാങ്ങിയ ജോണി നെല്ലൂർ ഇത്തവണയും അവിടെ തന്നെ പോരാടാന്‍ തയാറെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അങ്കമാലിയിൽ ഓഫിസും വീടുമെടുത്ത്
മൽസരിക്കുന്നതിനുള്ള തയാറെടുപ്പ് ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് കുളം കലക്കി മീന്‍ പിടിക്കുകയായിരുന്നു. അങ്കമാലിയില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ജോണി നെല്ലൂര്‍ വെട്ടിലാകുകയായിരുന്നു. സിറ്റിംഗ് സീറ്റായ പിറവം ഒഴിച്ച് മറ്റൊരു സീറ്റിനെക്കുറിച്ചും ചർച്ച ചെയ്യാൻ ഒരുക്കമല്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയുമായിരുന്നു. അങ്കമാലിയിലെ തോല്‍‌വിക്ക് തങ്ങള്‍ മാത്രമല്ല ഉത്തരവാദികളെന്നും മൂന്നുവട്ടം ജയിച്ച മൂവാറ്റുപുഴ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസ് എടുത്ത് പകരം അങ്കമാലി തരികയായിരുന്നുവെന്നും ജോണി നെല്ലൂര്‍ പറയുകയും ചെയ്‌തു.

ഈ നീക്കങ്ങള്‍ക്ക് അനൂപിന്റെ പിന്തുണയുണ്ടെന്നാണ് ജോണി നെല്ലൂര്‍ കരുതുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടു സീറ്റുകള്‍ വാങ്ങി ഡെയ്‌സി ജേക്കബിനും അനൂപിനും മത്സരിക്കാനാണ് ഈ നാടകങ്ങള്‍ എന്നാണ് അദ്ദേഹം കരുതുന്നത്. കൂടാതെ കോണ്‍ഗ്രസിന്റെ സമീപനങ്ങളോട് അനൂപ് മൃദുസമീപനമാണ് നടത്തുന്നതെന്നും പാര്‍ട്ടി ചെയര്‍മാന് പരാതിയുണ്ട്. അതേസമയം, ജോണി നെല്ലൂരിനോട് അനൂപിന് അമര്‍ഷമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജോലി നെല്ലൂര്‍ വകുപ്പില്‍ ഇടപെടലുകള്‍ നടത്തുന്നതായും മന്ത്രിയെ കാഴ്‌ചക്കാരനാക്കി ജോണി നെലൂരാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും
വാര്‍ത്തകള്‍ പരന്നത് അദ്ദേഹത്തിന്റെ ഇമെജിന് കോട്ടം തട്ടിയിരുന്നു.

ഫ്രാന്‍‌സിസ് ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസിലേക്കാണ് ജോണി നെല്ലൂരിന്റെ കണ്ണ്. അവിടെ എത്തിയാലും അങ്കമാലിയില്‍ പോരാട്ടത്തിനിറങ്ങാന്‍ അദ്ദേഹത്തിനാകില്ല. ഫ്രാന്‍സിസ് ജോര്‍ജിനും പിസി ജോസഫിനും കെസി ജോസഫിനും മാത്രമെ ഇടതുപക്ഷം സീറ്റ് നല്‍കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഇതുവരെ പുറത്തെടുക്കാത്ത തന്ത്രങ്ങളെല്ലാം പുറത്തെടുക്കാനാണ് ജോണി നെല്ലൂരിന്റെ ശ്രമം. വേണ്ടിവന്നാല്‍ അങ്കമാലിയില്‍ സ്വതന്ത്രനായി നിന്ന് പാര്‍ട്ടിയേയും കോണ്‍ഗ്രസിനെയും ഞെട്ടിക്കാനും പദ്ധതിയുണ്ട്.

സീറ്റിനെ ചൊല്ലിയുള്ള പോര് രൂക്ഷമായാല്‍ കോണ്‍ഗ്രസിന്റെ ഒരു ഘടകകക്ഷി കൂടി ഇല്ലാതാകുമെന്ന് ഉറപ്പാണ്. പിറവം അനൂപ് ജേക്കബിന് നല്‍കുകയും പരാജയം സംഭവിക്കുകയും ചെയ്‌താല്‍ 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിപ്പിച്ച് എടുത്ത ജേക്കബ് വിഭാഗത്തെ തന്നെ ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :