ജോണി നെല്ലൂര്‍ രാജിവെച്ചത് പാര്‍ട്ടിയെ അറിയിക്കാതെ; യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അനൂപ് ജേക്കബ്

ജോണി നെല്ലൂര്‍ രാജിവെച്ചത് പാര്‍ട്ടിയെ അറിയിക്കാതെ; യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അനൂപ് ജേക്കബ്

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (15:01 IST)
അങ്കമാലി സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് പാര്‍ട്ടിയെ അറിയിക്കാതെയാണെന്ന് മന്ത്രി അനൂപ് ജേക്കബ്. യു ഡി എഫിന് ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂര്‍ ഇന്നാണ് ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റുവിഭജന ചര്‍ച്ചയില്‍ പാര്‍ട്ടിയെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ജോണി നെല്ലൂരിന്റെ രാജി.

കടുത്ത ഭാഷയില്‍ കഴിഞ്ഞദിവസം നടന്ന സീറ്റു വിഭജന ചര്‍ച്ചയെ വിമര്‍ശിച്ച അദ്ദേഹം, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ആക്ഷേപിച്ച സാഹചര്യത്തിലാണ് രാജി. ഇന്നു നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്നും മന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ പങ്കെടുക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയെ വലിയ തോതില്‍ അപമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ ആവശ്യപ്പെട്ട ഒരു പാര്‍ട്ടിയോട് സീറ്റുകളെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് അപമാനിക്കലാണ്. ഒരു മണിക്കൂര്‍ അവിടെ ഇരുന്നിട്ടും നാലു സീറ്റുകള്‍ ആവശ്യപ്പെട്ട പാര്‍ട്ടിയോട് ഒന്നും പറഞ്ഞില്ല. ഉഭയകക്ഷിചര്‍ച്ച സ്വകാര്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നും രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :