ജെസ്റ്റിന്റെ സന്ദേശങ്ങൾ പ്രേരണയായി, ആൻലിയയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്; കൊലപാതകം എന്നതിന് തെളിവ് കണ്ടെത്താനായില്ല

Last Modified തിങ്കള്‍, 28 ജനുവരി 2019 (17:14 IST)
കൊച്ചി: ആൻലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. മരണം കൊലപാതകം എന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ കണ്ടെത്താൻ സാധികാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.

കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജെസ്റ്റിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശൂർ റെയിൽ‌വേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവിടങ്ങളിൽനിന്നും കൊലപാതകം എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല എന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.

അതേസമയം ജെസ്റ്റിന്റെ ഫോൺ പരിശോധിച്ചതിൽനിന്നും ആത്മഹത്യക്ക് പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ ജെസ്റ്റിൻ ആൻലിയക്ക് അയച്ചിരുന്നു എന്ന് കണ്ടെത്തി. ഇതിന്റെ മനോവിഷമത്തിലാവാം ആത്മഹത്യ ചെയ്തത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ അനുമാനം. ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ആൻലിയയുടെ ഡയറിക്കുറിപ്പുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.

ഓഗസ്റ്റ് 25നാണ് ബംഗളുരുവിലേക്ക് പുറപ്പെട്ട ആൻലിയയെ കാണാതാകുന്നത്. തുടർന്ന് ഓഗസ്റ്റ് 28ന് ആലുവക്ക് സമീപം പെരിയാറിൽനിന്നും
അൻലിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അൻലിയയെ കാണതായതും, മരണപ്പെട്ടതുമായ വിവരം ജെസ്റ്റിൻ ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതാണ് കേസിൽ ദുരൂഹത വർധിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :