Last Modified തിങ്കള്‍, 28 ജനുവരി 2019 (16:36 IST)
മനാമ: സ്കൂളിലെ പഠിത്തം പോരാഞ്ഞിട്ടാണോ വീട്ടിലെത്തിയിട്ട് ഹോംവർക്ക് എന്ന് ഏതൊരു കുട്ടിയും ചിന്തിക്കും. വീട്ടിലെത്തിക്കഴിഞ്ഞാൽ മാതാപിതാക്കൾക്കൊപ്പം സമയം ചിലവിടനാനും അൽപനേരം, കളിക്കാനുമെല്ലാമാണ് കുട്ടികൾ ആഗ്രഹിക്കുക. ഇത് മനസ്സിലാക്കിക്കൊണ്ട് ബെഹ്റെയ്ൻ സർക്കാർ ഹോംവർക്കുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.
രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ ഒഴിവാക്കാനുള്ള നടപടികൾക്ക് ബെഹ്‌റെയ്ൻ വിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. ഇനി ഹോം വർക്കുകൾക്ക് പകരം ക്ലാസ് വർക്കുകളായിരിക്കും ഉണ്ടാവുക. കുട്ടികൾക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ സന്തോഷവും ആശ്വാസവും നൽകുന്നതാണ് പുതിയ നടപടി എന്ന് ബെഹ്‌റെയ്ൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി.
ഭാഷാ പരിഞ്ജാനത്തിലും വായനയിലും കുട്ടുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ പുതിയ നടപടി ഉപകരിക്കും. പാഠ്യരീതിയും സിലബസിലും കാലാനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഹോംവർക്കുകൾ ഒഴിവാക്കാനുള്ള പുതിയ നടപടി എന്നും മന്ത്രി പറഞ്ഞു.