‘വ്യാജ’ പ്രേമം: ചോര്‍ത്തിയത് അണിയറ പ്രവര്‍ത്തകര്‍, അറസ്‌റ്റ് ഉടന്‍

  പ്രേമം സിനിമ , സെന്‍സര്‍കോപ്പി , അല്‍‌ഫോണ്‍‌സ് പുത്രന്‍
തിരുവനന്തപുരം| jibin| Last Updated: ശനി, 18 ജൂലൈ 2015 (11:23 IST)
അല്‍‌ഫോണ്‍‌സ് പുത്രന്‍ സംവിധാനം ചെയ്‌ത പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സിനിമയുടെ പതിമൂന്നു ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഉടന്‍ അറസ്‌റ്റ് ഉണ്ടാകുമെന്നുമാണ് അറിയുന്നത്.

പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി പ്രചരിച്ചത് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്നാണ്. ഇവരുടെ അറസ്‌റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. ഇവരില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. സിനിമയുടെ പതിമൂന്നു ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്റര്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ കരുതിയിരുന്ന ഒരു ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായും കണ്ടെത്തി. ഇതോടെ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി. നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 18 നാണ് ആദ്യമായി സിനിമ സെന്‍സര്‍ബോര്‍ഡിന് കൈമാറുന്നത്. സിനിമയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ബോര്‍ഡ് പകര്‍പ്പ് തിരികെ നല്‍കി. സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തുന്നതിന് തിരുവനന്തപുരത്തെ സ്റുഡിയോയിലാണ് കണ്ടുപോയത്. ഇവിടെ നിന്നും അവസാനമാറ്റങ്ങള്‍ വരുത്തിയ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ മാറ്റങ്ങള്‍ വരുത്തിയ സിനിമ പകര്‍പ്പ് സെന്‍സര്‍ബോര്‍ഡിന് എത്തിച്ചു നല്‍കിയ അണിയറപ്രവര്‍ത്തകനെ ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നാണ് സിനിമ ചോര്‍ന്നതിന്റെ വഴികള്‍ മനസിലാകുന്നത്. കഴിഞ്ഞ ജൂണ്‍ 22 നാണ് സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നത്. ഈ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :