സര്‍ക്കാര്‍ ഇടപെടുന്നു; തീയേറ്റര്‍ സമരം ഇന്ന് പിന്‍വലിച്ചേക്കും

പ്രേമം സിനിമ , തിയേറ്റര്‍ സമരം , ബാഹുബലി , സിനിമയുടെ വ്യാജപതിപ്പ്
തിരുവനന്തപുരം| jibin| Last Updated: ശനി, 11 ജൂലൈ 2015 (10:16 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത പ്രേമം സിനിമയുടെ വ്യാജപതിപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസമായി എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവരുന്ന സമരം ഇന്ന് അവസാനിപ്പിച്ചേക്കും. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച തീരുമാനം ഇന്ന് കൊച്ചിയില്‍ ചേരുന്ന അടിയന്തര ജനറല്‍ ബോഡി യോഗത്തിലുണ്ടാകുമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

വിഷയത്തില്‍ തിങ്കളാഴ്ച സിനിമാസംഘടനകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. അതേസമയം, തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമാവും ഇന്നത്തെ യോഗത്തിലുണ്ടാവുക. എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറിയ തിയേറ്ററുടമകള്‍ക്ക് എതിരെ യോഗത്തില്‍ നടപടിയുണ്ടായേക്കും. ഇതിനിടെ എ ക്ലാസ് തിയേറ്ററുടമകളില്‍ ഒരു വിഭാഗം സമരം അവസാനിപ്പിക്കുകയും ബിഗ് ബജറ്റ് ചിത്രമായ ബാഹുബലി പ്രദര്‍ശിക്കുകയും ചെയ്തു.

പ്രേമം സിനിമയുടെ വ്യാജപതിപ്പ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ഒന്‍പതാം തീയതി എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമരം ആരംഭിച്ചത്. എന്നാല്‍ സമരം കേരളത്തിലെ ആദ്യ വൈഡ് റിലീസിങ്ങിനെ തകര്‍ക്കാനാണെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. സമരത്തിനെതിരെ സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ കര്‍ശന നിലപാടെടുക്കുകയും സമരം നടത്തുന്ന തിയേറ്ററുകള്‍ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്കാനും തീരുമാനിച്ചിരുന്നു. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പിന്തുണ നല്കി ഫിലിം ചേംബറും പിന്നീട് രംഗത്തെത്തി. തിയേറ്ററുടമകളുടെ സമരം ഏകപക്ഷീയമാണെന്നായിരുന്നു ഫിലിം ചേംബറിന്‍റെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :