കൊച്ചി|
jibin|
Last Updated:
ബുധന്‍, 8 ജൂലൈ 2015 (11:19 IST)
അല്‍ഫോന്‍സ് പുത്രൻ സംവിധാനം ചെയ്ത
പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ആന്റി പൈറസി സെല്‍ കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കൊച്ചിയിലെത്തുന്ന അന്വേഷണ സംഘം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുക്കും.
സിനിമയുടെ ഭൂരിഭാഗവും അൽഫോൺസ് പുത്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്‌റ്റുഡിയോയിലാണ് എഡിറ്റ് ചെയ്‌തത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുക്കുന്നത്. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. അതേസമയം അന്വേഷണ സംഘത്തിന് ചെന്നൈയിലേക്ക് പോകാനും അനുമതി ലഭിച്ചു.
പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലത്തു വെച്ച് മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. സംശയത്തെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാർഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവര്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമെന്ന് ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷമാകും ഇതിന്‍മേല്‍ കൂടുതല്‍ നടപടി ഉണ്ടാവുകയെന്നും ആന്റിപൈറസി വിഭാഗം വ്യക്തമാക്കി.
പുറത്തിറങ്ങി രണ്ടാം ദിവസമാണ് കിക്ക് ആസ് എന്ന വെബ്‌സൈറ്റില്‍ ചിത്രം അപ്‌ലോഡ് ചെയതത്. ചിത്രം സൈറ്റിലിട്ട് ദിവസങ്ങള്‍ക്കകം ഒന്നരലക്ഷം പേരാണ് സിനിമ ഡൗണ്‍ലോഡ് ചെയതത്. ഇപ്പോള്‍ 12 സൈറ്റുകളില്‍ ചിത്രത്തിന്റെ വ്യാജകോപ്പി ലഭ്യമാണ്. മുന്‍പും പ്രതികള്‍ ഇത്തരം പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്.