കരിപ്പൂർ ദുരന്തം: മരണസംഖ്യ 19 ആയി ചികിത്സയിലുള്ളത് 171 പേർ, ഗർഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയിൽ

കോഴിക്കോട്| അഭിറാം മനോ‌ഹർ| Last Modified ശനി, 8 ഓഗസ്റ്റ് 2020 (07:12 IST)
കോഴിക്കോട്: വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ യാത്രക്കാരും ജീവനക്കാരും അടക്കം 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നിരവധി പേർക്കും ഗുരുതരമായ പരിക്കുണ്ട്.

കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലായി 13 പേരും മലപ്പുറത്തെ ആശുപത്രികളിൽ 6 പേരുമാണ് മരണപ്പെട്ടത്.

മരിച്ചവരുടെ പേരുവിവരങ്ങൾ

1. ജാനകി, 54, ബാലുശ്ശേരി 2. അഫ്സൽ മുഹമ്മദ്, 10 വയസ്സ് 3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി 4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി 5. സുധീർ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി 6. ഷഹീർ സെയ്ദ്, 38 വയസ്സ്, തിരൂർ സ്വദേശി 7. മുഹമ്മദ് റിയാസ്, 23, പാലക്കാട് 8. രാജീവൻ, കോഴിക്കോട് 9. ഷറഫുദ്ദീൻ, കോഴിക്കോട് സ്വദേശി, 10. ശാന്ത, 59, തിരൂർ നിറമരുതൂർ സ്വദേശി 11. കെ വി ലൈലാബി.എടപ്പാൾ 12. മനാൽ അഹമ്മദ് (മലപ്പുറം) 13. ഷെസ ഫാത്തിമ (2 വയസ്സ്) 14. ദീപക് 15. പൈലറ്റ് ഡി വി സാഥേ 16.കോ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.

അതേസമയം അപകടത്തെക്കുറിച്ച് എയർ ഇന്ത്യയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് തുടങ്ങും. കൊവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബായില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :