പാർട്ടിയെയും മുന്നണിയെയും നിരന്തരം അപകീർത്തിപ്പെടുത്തുന്നു: അഡ്വ. ജയശങ്കറെ സിപിഐയിൽ നിന്നും പുറത്താക്കി

അഭിറാം മനോഹർ| Last Updated: ചൊവ്വ, 20 ജൂലൈ 2021 (14:51 IST)
അഡ്വക്കേറ്റ് എ ജയശങ്കറെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. വാര്‍ത്താ ചാനലുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും സിപിഐയെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അംഗത്വം പുതുക്കി നൽകേണ്ടെന്ന് സംഘടന തീരുമാനിച്ചത്.

അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങൾ പ്രതികരിച്ചു. എൽഡിഎഫിന്റെ ഭാഗമായിരുന്നിട്ട് കൂടി പാർട്ടിയെയും മുന്നണിയെയും നിരന്തരം അപകീർത്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചകളിലും നടത്തുന്നതിനെ തുടർന്നാണ് നടപടി. 2020 ജൂലൈയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ജയശങ്കർ വിമർശനം തുടരുകയായിരുന്നു. ഇദ്ദേഹത്തിന് പാർട്ടി ചുമതലകൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.

അതേസമയം ഔദ്യോഗികമായി അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അഡ്വ ജയശങ്കർ പറഞ്ഞു. പത്രത്തിൽ നിന്നാണ് തന്നെ പുറത്താക്കിയ വിവരം അറിഞ്ഞതെന്നും ജയശങ്കർ പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :