‘പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു; സിനിമയില്‍ ഭാഷയും സംഭാഷണവും പ്രധാനം’

തിരുവനന്തപുരം| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (18:08 IST)
ചലച്ചിത്രമേളയിലെ ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച വിവാദങ്ങള്‍ വിശദീകരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മേള നടത്തിപ്പിനെക്കുറിച്ചു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചാണു കൊടുത്തതെന്നും ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നും സംവിധായകനും ഐഎഫ്എഫ്കെയുടെ ഉപദേശക സമിതി ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മലയാളം മാത്രം അറിയാവുന്നവര്‍ ചലച്ചിത്രമേളയ്ക്കു വരേണ്ട എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ മനസിലാക്കാന്‍ കഴിയണം. സബ്ടൈറ്റിലുകള്‍ മനസ്സിലാക്കാനായില്ലെങ്കില്‍ പൂര്‍ണമായി ആസ്വദിക്കാനാവില്ല. ഇതുവരെ ലോകസിനിമകള്‍ കാണാത്തവരും അതിനെക്കുറിച്ച് അറിയാത്തവരും ഫെസ്റ്റിവലിനു വരാതിരിക്കുന്നതാണ് അഭികാമ്യമെന്ന പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചു.

സിനിമ എന്നാല്‍ ദൃശ്യം മാത്രമല്ല. ഭാഷയും സംഭാഷണവുമെല്ലാം പ്രധാനമാണ്. ചാര്‍ളി ചാപ്ലിന്റെ നിശബ്ദ സിനിമകളില്‍ പോലും കാര്‍ഡുകള്‍ എഴുതി കാണിച്ചിട്ടുണ്ടെന്ന കാര്യം മറന്നു പോകരുതെന്നും അടൂര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു- മൂന്നു വര്‍ഷങ്ങളിലായി
ഐഎഫ്എഫ്കെയുടെ ഗുണമേന്മ പോയി എന്നതു സത്യമാണ്. നടത്തിപ്പില്‍ പാളിച്ചകള്‍ കടന്നു കൂടി. അതു തിരുത്താനാണ് ഇപ്പാഴത്തെ സംഘാടക സമിതിയുടെ ശ്രമം. അതിനായി ചില പുതിയ തീരുമാനങ്ങളും നിബന്ധനകളും കൊണ്ടുവന്നു. ഇക്കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയാണുണ്ടായത്.

ഐഎഫ്എഫ്കെയുടെ പ്രാധാന്യം മനസിലാക്കി ഈ വര്‍ഷം മുതല്‍ സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും എടുത്തുകളഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഡെലിഗേറ്റുകളെ തെരഞ്ഞെടുക്കുന്നതിലും പുതിയ ചില മാനദണ്ഡങ്ങള്‍ വേണം. സിനിമ എന്തെന്നറിയാതെ അതിലെ സെക്സും വയലന്‍സും മാത്രം കാണാന്‍ കയറുന്ന രീതി ഇവിടെയുണ്ട്. അങ്ങനെ ഇടിച്ചു കയറുന്നവരെ ഒഴിവാക്കി അര്‍ഹതയുള്ളവര്‍ക്ക് ഫെസ്റ്റിവല്‍ സിനിമകള്‍ കാണാന്‍ കഴിയണം.


അതിനായി ഒരു ചോദ്യാവലി ഉണ്ടാക്കിയതു വലിയ തെറ്റായിപ്പോയ രീതിയിലായിരുന്നു ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
പറഞ്ഞിട്ടില്ലാത്തവ തന്റെ വായില്‍ തിരുകി വയ്ക്കാനാണു ശ്രമിച്ചത്. പതിനെട്ടു വയസായി എന്നതു കൊണ്ടു മാത്രം പക്വത വരണമെന്നില്ല. മാനസികമായ പക്വത വളരെ പ്രധാനമാണ്- പ്രത്യേകിച്ചും ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് ആകാനെന്നും അടൂര്‍ വിശദീകരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :