തിരുവനന്തപുരം|
Last Modified ബുധന്‍, 12 നവംബര്‍ 2014 (11:27 IST)
ഇംഗ്ലീഷ് അറിയാത്തവര്‍ തലസ്ഥാനത്തെ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇംഗ്ലീഷ് സബ്ടൈറ്റിലോടെ വരുന്ന ലോകസിനിമകള്‍ കണ്ട് മനസിലാക്കണമെങ്കില്‍ ഡെലിഗേറ്റുകള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടാകണം.
യോഗ്യത അളക്കാനാണ് ഡെലിഗേറ്റ് പാസിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ അടൂര്‍ വ്യക്തമാക്കി. തുടര്‍ന്ന് ചലച്ചിത്രമേളയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന. ആദ്യമായി ലോക സിനിമ കണ്ട് മനസിലാക്കാനായി ആരും മേളയിലേക്ക് വരേണ്ടതില്ലെന്നും അടൂര്‍ തുറന്നടിച്ചു.
ആസ്വാദകര്‍ക്ക് സിനിമയോടുള്ള മനോഭാവം അറിയുന്നതിനും പങ്കെടുക്കുന്നവരുടെ ഡേറ്റ ശേഖരിക്കാനുമാണ് ഡെലിഗേററ് പാസിനുള്ള പുതിയ മാറ്റങ്ങള്‍. എന്നാല്‍ ആസ്വാദനനിലവാരം വിലയിരുത്തുന്നത് ആരെന്നോ എങ്ങനെയെന്നോ അതിന്‍റെ മാനദണ്ഡമെന്തെന്നോ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. മേളയുടെ സ്വീകാര്യത കണക്കിലെടുത്ത് സെന്‍സര്‍ഷിപ്പിന് കേന്ദ്രം ഇളവ് തന്നിട്ടുണ്ട്. അത് ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങള്‍ തടയുകയാണ് സൂക്ഷമപരിശോധന നടത്തിയുള്ള ഡാറ്റാ ബേസ് ഉണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.