കൊച്ചി|
സജിത്ത്|
Last Modified ചൊവ്വ, 28 ഫെബ്രുവരി 2017 (12:42 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍
ദൃശ്യങ്ങൾ പകർത്തിയ മൊബൈല്‍ ഫോണിനായി കായലിലും തെരച്ചിൽ തുടരുന്നു. സംഭവശേഷം ഫോൺ ഗോശ്രീ പാലത്തിൽനിന്ന് താഴേക്കെറിയുകയായിരുന്നു എന്നായിരുന്നു സുനി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കായലില്‍ ഇപ്പോള്‍ തിരച്ചിൽ നടത്തുന്നത്.
നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറസ്റ്റു ചെയ്ത് ആറു ദിവസം കഴിഞ്ഞിട്ടും ദൃശ്യങ്ങൾ സംബന്ധിച്ച ഒരു വിവരവും ഇതുവരെയും പൊലീസിനു ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ സംബന്ധിച്ച ചോദ്യങ്ങൾക്ക് സുനി ഇതുവരെ കൃത്യമായ ഉത്തരം നൽകിയിട്ടില്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.
സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും പൊലീസ് മൊബൈലിനായി തിരച്ചില്‍ നടത്തിയിരുന്നു. കീഴടങ്ങാന്‍ എത്തിയ സമയത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫോൺ ഓടയിൽ ഉപേക്ഷിച്ചെന്ന മൊഴിയാണ് സുനി ആദ്യം നല്‍കിയത്. സുനി ഏറ്റവും അവസാനം നൽകിയ മൊഴിയനുസരിച്ചാണ് ഇപ്പോൾ നാവികസേന കായലിൽ തിരച്ചില്‍ നടത്തിയത്.
അതേസമയം, നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ കൊച്ചിയിലെ അഭിഭാഷകനു കൈമാറിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അതേപടിയാണോ ദൃശ്യങ്ങളുടെ പകർപ്പാണോ കൈമാറിയതെന്ന കാര്യം വ്യക്തമല്ല. സുനിലും കൂട്ടാളി വിജീഷും കീഴടങ്ങാൻ കോടതിയിലെത്തിയതിന്റെ തലേന്നു രാത്രി ദൃശ്യങ്ങൾ അഭിഭാഷകനു കൈമാറിയെന്നാണ് അനുമാനം.