കൊച്ചി|
സജിത്ത്|
Last Modified ശനി, 25 ഫെബ്രുവരി 2017 (10:55 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച പൾസർ സുനിയും സംഘവും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കൈമാറിയെന്ന് സംശയിക്കുന്നയാളെ ഇനിയും കണ്ടെത്താന്‍ കഴിയാതെ പൊലീസ്. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് കോയമ്പത്തൂരിൽ സുനിക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത് ഈ വ്യക്തിയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
സുനിയുടെ ഈ സുഹൃത്തിനെ അന്വേഷിച്ച് പൊലീസ് കോയമ്പത്തൂരിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഇയാൾ ഒളിവിൽ പോയതായാണ് വിവരം. ഇതേത്തുടർന്ന് പൊലീസ് തമിഴ്നാട്ടിൽനിന്ന് മടങ്ങുകയായിരുന്നു. സുനി കോടതിയിൽ കീഴടങ്ങാനെത്തുമ്പോൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കിന്റെ ഉടമയേയും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
അതേസമയം, അതിക്രമത്തിന് ഇരയായ യുവനടി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരിച്ചറിയല്‍ പരേഡിന് മുന്‍പായി മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് അന്വേഷണ സംഘം നടിയെ അറിയിച്ചു. തുടര്‍ന്ന് ആ തീരുമാനം മാറ്റിയതായി നടി അറിയിച്ചു. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് നടിയുടെ പുതിയ തീരുമാനം. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും.