കുടുങ്ങേണ്ടിയിരുന്നത് കാവ്യ, അന്വേഷണം ദിലീപിലെത്തിച്ചത് ജയിലിൽ നിന്നുള്ള കോൾ: ശബ്‌ദരേഖ പുറത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (20:49 IST)
നടിയെ അക്രമിച്ച കേസിൽ കാവ്യാ മാധവന് പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്‌ദ‌രേഖ പുറത്ത്. ദിലീപിന്റെ സുഹൃത്ത് ശരത്തും സഹോദരീ ഭര്‍ത്താവ് ടി. എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയ്ക്ക് അന്വേഷണസംഘം നോട്ടീസ് നൽകി.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കമാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചു.തിരിച്ച് പണി കൊടുക്കാൻ കാവ്യയും.കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍നിന്ന് വന്ന ഫോണ്‍കോള്‍ നാദിര്‍ഷ എടുത്തതാണ് ദിലീപിന് പ്രശ്‌നമായത്. അല്ലെങ്കിൽ കാവ്യ മാത്രമായിരുന്നു കുടുങ്ങുക. വോയ്‌സ് ക്ലിപ്പിൽ പറയുന്നു.

വേറെയും ഒരുപാട് സ്ഥലങ്ങളുണ്ടായിട്ടും മെമ്മറി കാർഡ് എത്തിയത് ലക്ഷ്യയുടെ ഓഫീസിലേക്കാണ്. അത് എന്തുകൊണ്ടാണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും സുരാജ് ശരത്തിനോട് പറയുന്നു.

കേസിന് പിന്നിൽ മാഡം ഉണ്ടെന്ന പൾസർ സുനിയുടെ ശബ്‌ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :