റോഡ് പണി ഇഴയുന്നത് മഴ കാരണമെന്ന് മന്ത്രി; എങ്കില്‍, ചിറാപുഞ്ചിയില്‍ റോഡ് കാണില്ലല്ലോ എന്ന് ജയസൂര്യ

രേണുക വേണു| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (12:15 IST)

കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പരിഹസിച്ച് നടന്‍ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സന്നിഹിതനായ വേദിയില്‍ വച്ചാണ് ജയസൂര്യയുടെ വിമര്‍ശനവും പരിഹാസവും. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലാണ് വിമര്‍ശനം.

'ഞാനൊരു സിനിമയുടെ ഷൂട്ടിങ്ങിനായി വാഗമണ്‍ പോയി. ഒരുപാട് ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെയെത്താന്‍ എത്ര മണിക്കൂറാണ് എടുക്കുന്നതെന്ന് അറിയുമോ? റോഡ് അത്ര മോശമാണ്. ഞാന്‍ മന്ത്രി റിയാസിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് ഒന്ന് ഹോള്‍ഡ് ചെയ്യുമോ എന്ന് പറഞ്ഞ് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. അതിനെ കുറിച്ച് വ്യക്തമായ മറുപടി എനിക്ക് തന്നു. മന്ത്രി പറയുന്നത് മഴ കാരണമാണ് റോഡ് പണി ഇഴയുന്നതെന്നാണ്. അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലല്ലോ?,' ജയസൂര്യ പറഞ്ഞു.

അതേസമയം, മന്ത്രി റിയാസിന്റെ പ്രവര്‍ത്തനങ്ങളെ ജയസൂര്യ അഭിനന്ദിച്ചു. ഊര്‍ജസ്വലനും കാര്യങ്ങള്‍ പഠിക്കാന്‍ തല്‍പരനുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ റോഡുകള്‍ നന്നാകുമെന്നാണു തന്റെ പ്രതീക്ഷയെന്നു ജയസൂര്യ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :