ആട് ആന്റണി പിടിയിലായത് മകനെ കാണാന്‍ എത്തിയപ്പോള്‍

 ആട് ആന്റണി , പൊലീസുകാരനെ കുത്തി , പാലക്കാട്
പാലക്കാട്| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (11:01 IST)

കുപ്രസിദ്ധ കുറ്റവാളിയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ
ആട് ആന്റണി പിടിയിലായത് മകനെ കാണാന്‍ പാലക്കാട് ഗോപാലപുരത്തെ വീട്ടില്‍ എത്തിയപ്പോള്‍. ഭാര്യവീട്ടിലെത്തിയ ആന്റണി രാവിലെ എട്ടുമണിയോടെ പൊലീസിന്റെ വലയിലാകുകയായിരുന്നു.

മോഷണം, കൊലപാതകം എന്നിവയുൾപ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയായ ആന്റണിക്ക് പാലക്കാട് രണ്ടു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഗോപാലപുരത്തുള്ള ഒരു ഭാര്യയില്‍ ഉണ്ടായ മകനെ കാണാനെത്തിയതായിരുന്നു ആന്റണി. ഇയാള്‍ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തുമെന്നും രാവിലെ കാപ്പി കുടിക്കാന്‍ എത്തുമെന്നും ഫോണിലൂടെ ഭാര്യയെ അറിയിച്ചിരുന്നു. ഇത് മനസിലാക്കിയ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ എത്തിയ ആന്റണി വീട്ടിലേക്കു കയറുമ്പേള്‍ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്യുകയായിരുന്നു. ആട് ആന്റണിയെ ഉച്ചയേ‍ടെ കൊല്ലം പൊലീസിനു കൈമാറും. ജില്ലാ പൊലീസ് മേധാവി എൻ വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു.

2012 ജൂൺ 25ന് കൊല്ലം പാരിപ്പള്ളിയിൽ വാഹനപരിശോധനയ്ക്കിടെ ഒരു വാനിൽ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയിൽ എടുക്കുകയും, ജീപ്പിൽ കയറ്റുന്നതിനിടയിൽ എ.എസ്.ഐ. ജോയി, ഡ്രൈവർ മണിയൻ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു. കുത്തേറ്റ മണിയൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന ആട് ആന്റണിയുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവശേഷം ഒളിവില്‍ പോയെ ആന്റ്ണിക്കായി ഇന്ത്യയാകെ തെരച്ചില്‍ നടത്തിവരുകയായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നും ഇയാളുടെ സാദൃശ്യമുള്ളയാളെ പൊലീസ് പിടികൂടിയ ശേഷം വെറുതെ വിട്ടിരുന്നു. പുതിയ ഡിജിപിയായി ടി പി സെന്‍ കുമാര്‍ അധികാരത്തില്‍ എത്തിയതോടെ ജില്ലകളില്‍ പ്രത്യേക ടീമുകള്‍ രൂപികരിച്ച് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ അതുവഴിയുള്ള അന്വേഷണമായിരുന്നു നടന്നുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :