600 അംഗ അയ്യപ്പഭക്തരുടെ 12 ലക്ഷം രൂപ മോഷ്ടിച്ചു

എരുമേലി| WEBDUNIA|
PRO
തമിഴ്നാട്ടില്‍ നിന്നും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരുടെ 12 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി. ട്രിച്ചിയില്‍നിന്നും എത്തിയ ഒന്‍പത് ബസുകളിലെത്തിയ 600 അംഗ അയ്യപ്പഭക്തരുടെ പണമാണ് കവര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പെരിയസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം എരുമേലിയില്‍ എത്തിയത്. പേട്ടകെട്ടുന്നതിനായി അയ്യപ്പന്മാര്‍ പോകുന്നതിനിടെയാണ് പണം വച്ചിരുന്ന ബാഗിന്റെ താഴ്ഭാഗം ബ്ളേഡ് കൊണ്ട് കീറി പണം മോഷ്ടിച്ചതായി മനസിലായി.

വഴിച്ചിലവിനായി ഒപ്പമെത്തിയ സ്വാമിമാര്‍ 2000 രൂപവീതം നല്‍കിയിരുന്നു. ഈ പണം 12 ലക്ഷം രൂപയോളം വരും. ഇതാണ് മോഷ്ടിക്കപ്പെട്ടത്. പണം നഷ്ടമായതിനെ തുടര്‍ന്ന് സ്വാമിമാര്‍ എരുമേലി സ്റ്റേഷനിലെത്തി പരാതി നല്‍കി.

പണം കിട്ടാതെ തിരിച്ച് പോകില്ലെന്ന് പറഞ്ഞ് ഇവര്‍ പൊലീസ് സ്റ്റേഷനും എരുമേലി- പമ്പ പാതയും ഇവ‌ര്‍ ഉപരോധിക്കാന്‍ തുടങ്ങി. ഇതോടെ ശബരിമല ദര്‍ശനത്തിനെത്തിയ നൂറുകണക്കിന് അയ്യപ്പന്മാരുടെ വാഹനങ്ങൾ എരുമേലിയില്‍ കുടുങ്ങി.

തുടര്‍യാത്രക്കായി ജില്ലാ കളക്ടറുടെ ഫണ്ടില്‍ നിന്നും പണം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും അയ്യപ്പന്മാര്‍ വഴങ്ങിയില്ല. പണം മോഷ്ടിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :