20 കിലോ കഞ്ചാവുമായി മൂന്ന്‌ പേര്‍ പിടിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
നഗരത്തിലെ ചില്ലറവില്‍പ്പനക്കാര്‍ക്ക്‌ വിതരണം ചെയ്യാനായി കൊണ്ടുവന്ന 20 കിലോയോളം കഞ്ചാവുമായി ഇടുക്കി സ്വദേശികളായ മൂന്നുപേരെ സിറ്റി ഷാഡോ പൊലീസ്‌ പിടികൂടി. തേവര അറ്റ്ലാന്റിസ്‌ ജംഗ്ഷന്‌ സമീപം വെച്ച്‌ സൗത്ത്‌ പൊലീസിന്റെ സഹായത്തോടെ ഇടുക്കി ഉദയഗിരി പള്ളത്ത്‌ വീട്ടില്‍ പോള്‍ കുര്യാക്കോസ്‌(41)എന്നയാളെ 61 കിലോയോളം കഞ്ചാവുമായി ഷാഡോ പൊലീസ്‌ പിടികൂടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ വടുതല റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം വെച്ച്‌ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുവരികയായിരുന്നു 131/2 കിലോയോളം കഞ്ചാവുമായി ഇടുക്കി മരിയാപുരം അമ്പഴത്തിനാല്‍ വീട്ടില്‍ സൈജു ജയിംസ്‌(33)ഇടുക്കി ഈട്ടിക്കവല ആവിമൂട്ടില്‍ സോജന്‍(30)എന്നിവരെയും പോലീസ്‌ പിടികൂടി.

കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ്‌ ശേഖരിച്ച്‌ ഫോണ്‍ മുഖാന്തിരം ഓര്‍ഡര്‍ സ്വീകരിച്ച്‌ നഗരത്തിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യവിവരം ലഭിച്ചത്.

കൊച്ചിയില്‍ സ്ക്കൂള്‍, കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്കും വിതരണം ചെയ്യുന്നതിനാണ്‌ ഇവര്‍ കഞ്ചാവുമായി എത്തിച്ചേര്‍ന്നത്‌. ഇതിനുമുമ്പും നിരവധി തവണ ഇവര്‍ കൊച്ചിയില്‍ കച്ചവടം നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. പ്രതികള്‍ക്ക്‌ മൊത്തമായി കഞ്ചാവ്‌ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരെക്കുറിച്ചും പൊലീസിന്‌ രഹസ്യവിവരം ലഭിച്ചിട്ടുണ്ട്‌. പിടികൂടിയ മൂന്നരലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും നഗരത്തില്‍ ഇതെവിടെയൊക്കെയാണ്‌ വിതരണം ചെയ്യാനുദ്ദേശിച്ചതെന്നും പ്രതികളുടെ സഹായികള്‍ ആരൊക്കെയാണെന്നും പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :