തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (14:19 IST)
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ആര്‍ക്കാണ് കൂടുതല്‍ തൊലിക്കട്ടി എന്ന മത്സരമാണെന്ന് ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍. ആര്‍ എസ് പി നേതാവായിരുന്ന ഡോ. കെ സി സരസമ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കൊല്ലത്ത് നടന്ന ചടങ്ങില്‍ പ്രൊഫ. എം കെ സാനുവിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയത്തില്‍ അന്തസ്സും ആധികാരികതയും ഇല്ലാത്ത കാലമാണിത്. പണ്ടൊക്കെ ചെറിയ രീതിയിലുള്ള അഴിമതി ആരോപണങ്ങള്‍ ഉണ്ടായാല്‍ പോലും മന്ത്രിമാര്‍ രാജി വെയ്ക്കുമായിരുന്നു. എന്നാല്‍, ഇന്ന് ആരോപണങ്ങള്‍ എത്ര വലുതായാലും മഞ്ഞളിച്ച മുഖവും പരന്ന ചിരിയുമായി ജനമധ്യത്തിലിറങ്ങാന്‍ ആര്‍ക്കും മടിയില്ലെന്നും നേതാക്കന്മാര്‍ക്ക് അത്രയ്ക്ക് തൊലിക്കട്ടിയാണെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
മുന്നണി ബന്ധമുപേക്ഷിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. 33 വര്‍ഷത്തെ എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ചത് മൂന്നു ദിവസം കൊണ്ടാണെന്നും ചന്ദ്രചൂഢന്‍ വ്യക്തമാക്കി. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യു ഡി എഫില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ നാടുനീളെ തെറി പറഞ്ഞ് നടക്കുമ്പോള്‍ ക്ഷമിച്ചു എന്ന് പറയുന്നത് ഭയങ്കര ക്ഷമാശീലമാണെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
ഒരാള്‍ 70 വട്ടം ക്ഷമിക്കുമ്പോള്‍ മറ്റേയാള്‍ 700 വട്ടം ക്ഷമിക്കുമെന്ന് പറയുന്നു. ഇതൊക്കെ അന്തസ്സില്ലാത്ത കാര്യങ്ങളാണ്. ബിജു രമേശിനെതിരെ ബാര്‍കോഴ കേസില്‍ കെ എം മാണി കേസ് കൊടുക്കാന്‍ വൈകിയത് ജനങ്ങള്‍ക്ക് സംശയമുണ്ടാക്കിയെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.