തിരുവനന്തപുരം|
JOYSJOY|
Last Updated:
ശനി, 14 മാര്‍ച്ച് 2015 (14:23 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന
അരുവിക്കര സീറ്റിന് അവകാശവാദം ഉന്നയിച്ച് ആര്‍ എസ് പി. അരുവിക്കര മണ്ഡലത്തോട് ആര്‍ എസ് പിക്ക് വൈകാരിക അടുപ്പമുണ്ടെന്നും അതിനാല്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെടുമെന്നും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ മാസം പതിനേഴിന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് എത്തുന്നത്.
അരുവിക്കരയില്‍ അവകാശം ഉന്നയിക്കുന്നതിന് ഒപ്പം ഒഴിവു വന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും അവകാശം ഉന്നയിക്കുമെന്നും ആര്‍ എസ് പി വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ വാശിയൊന്നും പിടിക്കില്ലെന്നും സൂചനയുണ്ട്. അരുവിക്കര കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. അത് ഇപ്പോള്‍ തരാന്‍ കഴിയില്ലെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ആര്‍ എസ് പി ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റ് ആയിരുന്നു അരുവിക്കര. എന്നാല്‍, യു ഡി എഫില്‍ കോണ്‍ഗ്രസിന്റെ സീറ്റാണിത്. പഴയ ആര്യനാട് മണ്ഡലമാണ് ഇപ്പോഴത്തെ അരുവിക്കര മണ്ഡലം. ആര്യനാട് മണ്ഡലമായിരുന്നപ്പോള്‍ നാലു തവണയും അരുവിക്കരയായപ്പോള്‍ ഒരു തവണയും ഇവിടെ നിന്ന് വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജി കാര്‍ത്തികേയന്‍ ആയിരുന്നു.