ഹെലികോപ്‌ടറില്‍ പറക്കുന്ന പലരും പൂജപ്പുരയിലെത്തും

ചാരുംമൂട്‌| WEBDUNIA|
PRO
ഇപ്പോള്‍ ഹെലികോപ്‌ടറില്‍ പറന്നുനടന്ന് രസിക്കുന്ന പലരും പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്താന്‍ വലിയ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. മാവേലിക്കരയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ആര്‍ രാജേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചാരുംമൂട്‌ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോരിച്ചൊരിയുന്ന മഴയിലും വി‌എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാണാനെത്തിയ വന്‍ ജനാവലി കരഘോഷത്തോടെയാണ് വി‌എസിന്റെ ആവേശത്തോടെയുള്ള പ്രസംഗത്തെ വരവേറ്റത്.

“സര്‍ക്കാരിന്റെ സ്വത്ത്‌ കട്ടുതിന്നുന്നവരെ സമൂഹവും നീതിന്യായ വ്യവസ്ഥയും വെറുതെവിടില്ല എന്നതിന്റെ തെളിവാണ്‌ ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള. പാമോയില്‍ കേസില്‍ യഥാര്‍ത്ഥ പ്രതികളെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍, ഇപ്പോള്‍ ഹെലികോപ്‌ടറില്‍ പറന്നുനടന്ന് രസിക്കുന്ന പലരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചേരും.”

“2001 മുതല്‍ 2006 വരെ ആന്റണിയും ഉമ്മന്‍ചാണ്ടിയും എല്ലാ തരത്തിലുമുള്ള അഴിമതിയും കര്‍ഷക ആത്മഹത്യകളുമായി സര്‍വനാശ ഭരണമാണ്‌ കാഴ്ചവച്ചത്. എന്നാല്‍ എല്ലാ മേഖലകളിലും കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതാക്കിക്കൊണ്ടുള്ള ജനാധിപത്യ ഭരണമാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്‌.”

“പെണ്‍കുട്ടികളെ തെരുവിലെറിയുന്ന കാമഭ്രാന്തന്മാരെ എന്നന്നേക്കും ദൂരേക്ക്‌ എറിയാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാമഭ്രാന്തന്‍മാരെ കൈയാമം വയ്ക്കുമെന്ന്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞത്‌ നടപ്പാക്കാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ അല്‍‌പം കൂ‍ടി കാക്കൂ‍... അല്‍‌പം കൂ‍ടി കാക്കൂ‍...” - സ്വതസിദ്ധമായ നീട്ടലോടെ വി‌എസ് ഇങ്ങിനെ പറഞ്ഞപ്പോള്‍ ജനക്കൂട്ടം ആവേശഭരിതരായി.

ഇക്കഴിഞ്ഞ ദിവസം ചാരും‌മൂട്ടിലെത്തിയ രമേശ് ചെന്നിത്തലയും ‘ജയില്‍ക്കാര്യം’ പറഞ്ഞാണ് കയ്യടി വാങ്ങിയത്. തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയിലെ പല വമ്പന്‍മാരും കുടുംബസമേതം ജയിലില്‍ പോകേണ്ടിവരുമെന്ന് യു.ഡി.എഫ്‌ മാവേലിക്കര നിയോജകമണ്‌ഡലം സ്ഥാനാര്‍ത്ഥി കെകെ ഷാജുവിന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :