സ്മാര്‍ട് സിറ്റി: സ്വതന്ത്രാവകാശം വേണമെന്ന് ടീകോം
ദുബായ്|
WEBDUNIA|
PRO
PRO
സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമിയില്‍ സ്വതന്ത്രാവകാശം ലഭിച്ചില്ലെങ്കില്‍ പദ്ധതിയില്‍ താല്പര്യമില്ലെന്ന് ടീകോം വ്യക്തമാക്കി. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടീകോം സി ഇ ഒ ഫരീദ് അബ്ദുള്‍ റഹ്മാന്.
സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ കാര്യത്തില്‍ പുരോഗതി കാണുന്നില്ല. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ട്. അടുത്തവട്ടം ചര്‍ച്ചകള്‍ക്കായി കേരളത്തിലേക്ക് പോകില്ല. ഇനിയുള്ള ചര്‍ച്ച ദുബായില്‍ വെച്ചായിരിക്കണം.
കേവലം ഒരു മിനിറ്റത്തെ ചര്‍ച്ച കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി ഭൂമി ഇപ്പോള്‍ വേണ്ട. ഉറപ്പ് മാത്രം മതി. കാര്യങ്ങള്‍ കോടതിയിലേക്ക് കൊണ്ടുപോകാന്‍ താല്പര്യമില്ല. തന്നെ അതിന് നിര്‍ബന്ധിക്കരുതെന്നും ഫരീദ് പറഞ്ഞു.
സ്മാര്‍ട് സിറ്റിക്ക് സമാനമായ പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പദ്ധതി പൂര്‍ത്തിയാക്കുക എന്നത് വിശ്വാസ്യതയുടെ കാര്യമാണെന്നും അതിനാല്‍ സ്മാര്‍ട് സിറ്റിക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.