ഇന്ത്യയുടെ മഹേഷ് ഭൂപതിയും ബഹാമിയന്‍ ജോഡി മാര്‍ക് നോള്‍സും ദുബായ് ഓപ്പണ്‍ പുരുഷവിഭാഗം ഡബിള്‍സിന്‍റെ ക്വാര്‍ട്ടറില്‍ എത്തി. യുഎഇയുടെ ഹമൌദ് അബ്ബാസ് - മഹമൂദ് നദേന്‍ കൂട്ടുകെട്ടിനെയാണ് ഭൂപതി - നോള്‍സ് സഖ്യം പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു(6-3 6-1) ഈ ജോഡികളുടെ വിജയം. ലോക രണ്ടാം നമ്പര്‍ സീഡാണ് ഭൂപതി - നോള്‍സ് സഖ്യം. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ റിക്ദേ വോയസ്തും റഷ്യന്‍ താരം ദിമിത്രി ടര്‍സുനോവുമാണ് ഭൂപതി - നോള്‍സ് സഖ്യത്തിന്‍റെ എതിരാളികള്‍.
മറ്റൊരു ഇന്ത്യന്‍ താരമായ പ്രകാശ് അമൃത്‌രാജ് പാകിസ്ഥാനി ജോഡിയായ ഐസാം ഉള്‍ഹക്ക് ഖുറേഷിക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. ചെക്കിന്‍റെ മാര്‍ട്ടിന്‍ ദാം - സ്വീഡന്‍റെ റോബര്‍ട്ട് ലിന്‍സ്റ്റെഡ്ത് സഖ്യത്തോടാണ് ഇവര്‍ ആദ്യം ഏറ്റുമുട്ടുക. കഴിഞ്ഞ ദിവസം പെയ്സ് - ളൌഹി സഖ്യം ഡബിള്‍സിലെ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരുന്നു.