സരിതയ്ക്ക് ഉടന്‍ മോചനമില്ല; റിമാന്‍ഡ് കാലാവധി നീട്ടി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പുകേസ് മുഖ്യപ്രതി സരിത എസ് നായരുടെ റിമാന്‍ഡ് കാലാവധി ഹൈക്കോടതി ജനുവരി 15 വരെ നീട്ടി. സരിത ഇന്ന് ജയില്‍ മോചിതയാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. അതേസമയം വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍ സരിതയ്ക്ക് ജാമ്യം നല്‍കി.
സോളാര്‍ കേസിന്റെ അന്വേഷണം സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചു. സരിതയ്ക്ക് കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പണം എവിടെ നിന്നെന്ന് അന്വേഷിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചു.
സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇനി രണ്ട് കേസുകളില്‍ മാത്രമേ സരിതയ്ക്ക് ജാമ്യം ലഭിക്കാനുള്ളൂ. ബാക്കിയെല്ലാക്കേസുകളിലും ഒത്തുതീര്‍പ്പാകുകയോ ജാമ്യം ലഭിക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തട്ടിയെടുത്ത പണമാണോ ഒത്തുതീര്‍പ്പിന് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അന്വേഷിച്ചോയെന്നും ഹൈക്കോടതി ആരാഞ്ഞത്.
ജയിലില്‍ കഴിയുന്ന സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിച്ചോയെന്നും കോടതി ചോദിച്ചു. ജയിലില്‍ കഴിയുന്ന സരിത മൂന്ന് കോടി രൂപയോളം മുടക്കി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമയം രക്ഷിക്കാമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത പറഞ്ഞു. താന്‍ ഭീഷണി മുഴക്കുകയല്ലെന്നും മടുത്തിട്ടാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.