പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രധാനപ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി ബി ഐ. എഡിജിപി മുഹമ്മദ് യാസിനെയും ഡിഐജി വിജയ് സാക്കറെയെയും പ്രതിയാക്കിയാണ് സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിജയ് സാഖറെ പതിനഞ്ചാം പ്രതിയാണ്. മുഹമ്മദ് യാസിന് പതിനാറാം പ്രതിയും.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മുഹമ്മദ് യാസിനും വിജയ് സാക്കറെയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സമ്പത്തിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം സി ബി ഐ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി ജോയിന്റ് ഡയറക്ടറെ ഉടന്‍ നിയോഗിക്കണം. സി ബി ഐ മാനുവല്‍ പ്രകാരം അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിനെതിരെ സി ബി ഐ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദത്ത് മേലുദ്യോഗസ്ഥര്‍ക്ക് കേസ് ഡയറി പോലും നല്കുന്നില്ലെന്നുമാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എന്നാല്‍ ഹരിദത്ത് തന്നെ അന്വേഷിക്കട്ടെയെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.