വോട്ടുചോദിക്കാനെത്തിയ മന്ത്രി എസ് ശര്‍മയ്ക്ക് സ്ത്രീകളുടെ നേതൃത്വത്തിലെത്തിയ നാട്ടുകാരുടെ ശകാരം. ‘വോട്ടുതരാന്‍ സൌകര്യമില്ലെ’ന്ന് മന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞ നാട്ടുകാര്‍ തുടര്‍ന്ന് ശകാരവര്‍ഷമാണ് നടത്തിയത്. വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കല്‍ നടന്ന മൂലമ്പിള്ളിയില്‍ വോട്ടു ചോദിച്ചെത്തിയതായിരുന്നു വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മന്ത്രി എസ് ശര്‍മ.
വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പൂര്‍ണമായും നടപ്പാക്കാത്തതിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ശര്‍മ്മയോട് പ്രകടിപ്പിച്ചത്. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ പലരും ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണ്.
പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതിയോ വെള്ളമോ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വെള്ളവും വൈദ്യുതിയും എത്തിക്കാമെന്ന് മന്ത്രി ശര്‍മ്മ തന്നെ പലതവണ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാനായിട്ടില്ല. അടിസ്ഥാന സൌകര്യങ്ങള്‍ വീട് വച്ച ശേഷം നല്‍കാമെന്ന് പിന്നീട് സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ വീടുകള്‍ വയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
എന്തായാലും വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച ശേഷം ഒരു വിധം വോട്ടുതേടല്‍ പൂര്‍ത്തിയാക്കി മന്ത്രി ശര്‍മ്മ മൂലമ്പിള്ളിയില്‍ നിന്ന് മടങ്ങി.