പുത്തൂര്‍ കൊലക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സി ബി ഐ കോടതി. ഡി വൈ എസ് പി അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചതോടെയാണ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനായി ആറ് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരെ നല്‍കണമെന്നാണ് കോടതി സിആര്‍പിഎഫ് ഡി ഐ ജിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ സംരക്ഷണം നല്‍കണം.
സമ്പത്ത് കേസില്‍ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണത്തിന് സാഹചര്യമൊരുക്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അന്വേഷണോദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒരു കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി വിധിയുണ്ടാകുന്നത് അപൂര്‍വമാണ്.
പുത്തൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പാലക്കാട് കരിങ്കപ്പുള്ളി സ്വദേശി സമ്പത്ത്. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് സി ബി ഐ ഏറ്റെടുത്തത്.