കുട്ടിക്കുബേരനും വിരുതനുമായ ‘ടോട്ടല്‍ ഫോര്‍ യു’ ഫെയിം ശബരീനാഥിനെ കാണാനില്ല. ശബരീനാഥിന്റെ അമ്മ തന്നെയാണ് ജാമ്യത്തിലിറങ്ങിയ മകനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജാമ്യത്തില്‍ കഴിയുകയായിരുന്ന ശബരീനാഥ് ചിലരെ കണ്ടിട്ട് മാര്‍ച്ച് 18-ന് തിരിച്ചെത്തുമെന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത് എങ്കിലും ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നാണ് പരാതി.
ശബരീനാഥിന്റെ അമ്മ നെയ്യാറ്റിന്‍കര കവളാകുളം കൊടങ്ങാവിള ശബരീ നിവാസില്‍ ജലജാംബികയാണ് പരാതിക്കാരി. കഴിഞ്ഞ 14നാണു വീട്ടില്‍ നിന്നും പോയത്. നിരവധി കേസുകളില്‍ പ്രതിയായ ശബരീനാഥ് മാര്‍ച്ച് 18-ന് ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാവേണ്ടതായിരുന്നു. എന്നാല്‍ മകന് ഇന്നലെ വരെയും തിരികെ എത്തിയിട്ടില്ലെന്നും മകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലിസ് കേസെടുത്തു.
നാല് ധനകാര്യ സ്ഥാപനങ്ങള്‍ നടത്തി ശബരീനാഥ് ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ശബരീനാഥിനെ കോടതി ശിക്ഷിച്ചത്. താന്‍ വെറും ബിനാമി മാത്രമായിരുന്നുവെന്നും തട്ടിപ്പ് നടത്തിയത് ഡോക്ടര്‍ രമണിയും ബിജു മാവേലിക്കരയും ചേര്‍ന്നാണെന്നും ശബരീനാഥ് കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതി ശബരീനാഥിനെ ശിക്ഷിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു മാസം കൊണ്ട് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയായി തിരികെ നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിക്കുബേരന്‍ ശബരീനാഥ് പണം സ്വീകരിച്ചത്. എന്നാല്‍ ആര്‍ക്കും പണം തിരികെ കിട്ടിയതുമില്ല.
ക്രൈംബ്രാഞ്ചിനെ ഒഴിവാക്കാന്‍ ശബരീനാഥ് കാണിക്കുന്ന ‘വേല’യാണ് ‘കാണാനില്ല’ എന്ന പരാതിയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. കഴിഞ്ഞ തവണ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അനാശാസ്യത്തിന് ശബരീനാഥ് പിടിയിലായിരുന്നു. ജാമ്യം ഉല്ലസിച്ച് ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കരമനയ്ക്കടുത്ത കാലടിയിലെ ഒരു വീട്ടിലെത്തിയ ശബരീനാഥിനൊപ്പം അന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കുടുങ്ങിയിരുന്നു.