‘സുന്ദരികളും സുശീലകളുമായ യുവതികളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സമ്പന്നനായ യുവാവ്’ എന്ന് പത്രത്തില്‍ പരസ്യം ചെയ്ത് അഞ്ചോളം യുവതികളെ പെരുവഴിയിലാക്കിയ വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് പൊക്കി. വയനാട് കാരച്ചാല്‍ മാടപ്പിള്ളി വീട്ടില്‍ നിഷാദിനെയാണ് (35) തൃശൂര്‍ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ച് യുവതികളുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമെങ്കിലും ഇയാള്‍ കൂടുതല്‍ യുവതികളെ പറ്റിച്ചിട്ടുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.
മലബാര്‍ മേഖലയിലെ മുസ്ലീം യുവതികളായിരുന്നു ഇയാളുടെ ഉന്നം. വിവാഹം ശേഷം ‘ഹണിമൂണും’ ആസ്വദിച്ച് സ്ത്രീധനത്തുകയും യുവതിയുടെ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു നിഷാദിന്റെ രീതി. ഇയാള്‍ നല്‍കുന്ന വിലാസങ്ങളെല്ലാം വ്യാജമായിരുന്നതിനാല്‍ യുവതികളുടെ വീട്ടുകാര്‍ എത്ര അന്വേഷിച്ചാലും ഇയാളെ കിട്ടുകയുമില്ല. ഇതിനിടയില്‍, വേറൊരു പേരില്‍ പത്രപ്പരസ്യം ചെയ്ത് അടുത്ത ഇരയെ ഇയാള്‍ ‘റെഡി’ ആക്കുകയും ചെയ്യും.
കോഴിക്കോട് അടിവാരത്തുള്ള റംല എന്ന സ്ത്രീയെ 2000-ല്‍ മതംമാറ്റി വിവാഹം കഴിച്ചാണ് നിഷാദ് വിവാഹത്തട്ടിപ്പ് ബിസിനസ് ആരംഭിക്കുന്നത്. ഈ ബന്ധത്തില്‍ ഇയാള്‍ക്കു നാലു കുട്ടികളുണ്ട്. 2003-ല്‍ കരുവാരക്കുണ്ട് തൂവ്വല്ലൂരിലുള്ള അടിച്ചിക്കാട്ടില്‍ ബിയ്യൂട്ടിയെയും 2007-ല്‍ മലപ്പുറം ആനക്കയം പള്ളിപ്പുറത്തുള്ള അങ്കനവാടി ടീച്ചര്‍ മൈമുനയേയും 2008-ല്‍ കണ്ണൂര്‍ മട്ടന്നൂര്‍ കൊളാരിയിലുള്ള ഷാഹിതയെയും വിവാഹം കഴിച്ചു.
തൃശൂര്‍ കിഴക്കേകോട്ടയിലെ ഒരു തട്ടുകടയില്‍ ജീവനക്കാരനായിരിക്കെ, ചെന്ത്രാപ്പിന്നി സ്വദേശിനി പുതുവീട്ടില്‍ സുബൈദയെ 2010 ഫെബ്രുവരിയില്‍ വിവാഹം കഴിച്ച ശേഷം ഡിസംബറില്‍ താലിമാലയും സ്ത്രീധന തുകയുമായി നാടുവിട്ടു. സുബൈടയുടെ പരാതി പ്രകാരമാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്.
നിഷാദിന്റെ പത്രപ്പരസ്യ രെതിയെ പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നതിനാല്‍ ആ വഴിക്കാന് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പുതിയ വിവാഹാലോചന ക്ഷണിച്ച ഇയാള്‍ നല്‍കിയ പത്രപ്പരസ്യം പൊലീസിന്റെ കണ്ണില്‍ പെടുകയും കക്ഷി വലയിലാകുകയും ചെയ്തു.