വിവാദമായ എസ് എന്‍ സി ലാവ്ലിന് ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്സാക്ഷിയുടെ അവകാശവാദം. തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ ആണ് സി ബി ഐക്കു മൊഴി നല്‍കിയത്. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്‍കുകയായിരുന്നു.
സംസ്ഥാന വൈദ്യുതമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന് ലാവ്ലിന് കമ്പനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം സര്‍ക്കാരിനു കോടികള്‍ നഷ്ടം വന്നെന്നാണ് കേസ്. എന്നാല്‍, കഴിഞ്ഞദിവസം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്കിയ സി ബി ഐ ലാവ്ലിന് കേസില്‍ പിണറായി വിജയന് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന തരത്തിലാണ് ദീപക് കുമാറിന്റെ വെളിപ്പെടുത്തലുകള്‍. കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണു ലാവ്ലിന് കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു.
ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക് കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്കിയ കുറിപ്പിലുണ്ട്. നിലവില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് സി ബി ഐക്ക് പുതിയ കണ്ടെത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സി ബി ഐ ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയേക്കും.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന് കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ലാവ്ലിന് കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്ട്രോള്സ് എന്നും ദീപക് ആരോപിക്കുന്നു.