തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (08:07 IST)
ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ പണിമുടക്ക് ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ആരംഭിച്ചത്. സ്വകാര്യവാഹനങ്ങളെ സമരം ബാധിച്ചിട്ടില്ല. എന്നാല്‍, കെ എസ് ആര് ടി സി അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ഗതാഗത സുരക്ഷ ബില്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ട്രേഡ് യൂണിയന് സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
ഏകീകൃത ലൈസന്‍സിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളും നിയമലംഘകര്‍ക്ക് കര്ശനശിക്ഷകളുമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ഗതാഗത സുരക്ഷാബില്ലില് ഉള്ളത്. ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സംസ്ഥാന ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും.
ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ ട്രക്കര്‍, ലോറി, മിനിലോറി, സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കും. സി ഐ ടി യു, എ ഐ ടി യു സി, ബി എം എസ്, ഐ എന്‍ ടി യു സി, യു ടി യു സി, എച്ച് എം എസ്, എസ് ടി യു, കെ ടി യു സി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. പാല്, പത്രം, ആശുപത്രി, വിവാഹം ഉള്‍പ്പെടെ വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.