ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി കെ ശേഖര്‍(51) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അദ്ദേഹത്തിന് മഞ്ഞപ്പിത്തമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കരളില്‍ ക്യാന്‍സര്‍ ബാധിച്ചതായി വിദഗ്ധ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ശക്തമായ സാന്നിദ്ധ്യം തിരുവനന്തപുരം മണ്ഡലത്തില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. പത്ത് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ഉച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നത്. 2006-ല്‍ നേമം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ദീര്‍ഘനാള്‍ ബി ജെ പിയുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും ഒരു മകളുമുണ്ട്.