കൊല്ലം|
rahul balan|
Last Updated:
ബുധന്‍, 13 ഏപ്രില്‍ 2016 (20:47 IST)
കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ ഇതുവരെ തിരിച്ചറിയാത്ത 13 മൃതദേഹങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഡി എന്‍ എ ടെസ്റ്റിന് അയച്ചു. പല മൃതദേങ്ങളും സ്ഫോടനത്തില്‍ ചിന്നിച്ചിതറി തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. ഇതോടെയാണ് ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 13 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളതെങ്കിലും 21 ഓളം പേരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ വികൃതമായ മൃതദേഹങ്ങളില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ സമയത്തുതന്നെ ഡി എന്‍ എ സാമ്പിളുകള്‍ എടുത്തിരുന്നു. ഈ സാമ്പിളുകള്‍ കോടതി വഴിയാണ് ലബോറട്ടറികളിലേക്ക് അയക്കുന്നത്. പരിശോധനാഫലം കോടതി വഴി മാത്രമാണ് പൊലീസിന് ലഭിക്കുക.
മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്തിമജ്ഞ, വേരോടെയുള്ള തലമുടി എന്നിവയില്‍ ഏതെങ്കിലുമാണ് ഡി എന്‍ എ ടെസ്റ്റിനായി ശേഖരിക്കുന്നത്. മരിച്ചയാളെ ഡി എന്‍ എ പരിശോധനയിലൂടെ 99.5 ശതമാനം വരെ കണ്ടുപിടിക്കാന്‍ കഴിയും.
മരിച്ച വ്യക്തിയുടെ സാമ്പിളില്‍ നിന്ന് ഡി എന്‍ എ വേര്‍തിരിച്ച് കാണാതായ എല്ലാവരുടേയും അടുത്ത ബന്ധുക്കളുടെ ഡി എന്‍ എയുമായി ഒത്തുനോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്.