മോദിക്ക് ആയിരം നന്ദി, പ്രധാനമന്ത്രിയായാല്‍ ഇങ്ങനെവേണം!

പ്രധാനമന്ത്രിയായാല്‍ ഇങ്ങനെവേണം!

കൊല്ലം| എ ആര്‍ ഫസല്‍ റഹ്‌മാന്‍| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (16:56 IST)
പരവൂര്‍ പുറ്റിങ്ങല്‍ അപകടത്തിന്‍റെ നടുക്കത്തില്‍ നിന്ന് രാജ്യം ഇതുവരെ മോചിതമായിട്ടില്ല. ഇത്രയും വലിയൊരു വെടിക്കെട്ട് ദുരന്തം നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുമില്ല. എന്നാല്‍ ദുരന്തത്തിന്‍റെ വേദനയും ദുഃഖവും ഉള്ളില്‍ നിറയുമ്പോഴും പ്രതീക്ഷ പകരുന്ന നന്‍‌മയുള്ള ചില കാഴ്ചകള്‍ക്ക് കൊല്ലം സാക്‍ഷ്യം വഹിച്ചു. അതിലൊന്ന് ഇന്ത്യയിലെ ഭരണനേതൃത്വം ഈ സംഭവത്തില്‍ ഇടപെട്ട രീതിയാണ്. അപകടമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാദൌത്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നിറങ്ങിയത് ആദ്യം ഏവരിലും അമ്പരപ്പാണ് ഉണ്ടാക്കിയത്.

ഒരു അപകടമുണ്ടാകുന്നയിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പെട്ടെന്നുതന്നെ പ്രധാനമന്ത്രി നേരിട്ടെത്തുന്നത് രാജ്യം തന്നെ അപൂര്‍വമായി കാണുന്ന കാഴ്ചയായിരുന്നു. അതും ഡോക്ടര്‍മാരും മരുന്നുകളും മറ്റ് ചികിത്സാ സംവിധാനങ്ങളുമായി ആയിരുന്നു പ്രധാനമന്ത്രിയുടെ വരവ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമായുള്ള ഒരു സന്ദര്‍ശനമായി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ആരും കണ്ടില്ല എന്നതാണ് വാസ്തവം. അതിന് കാരണം, ആ സന്ദര്‍ശനത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും രീതിയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളെപ്പോലും അറിയിക്കാതെയായിരുന്നു ആ സന്ദര്‍ശനം.

സാധാരണഗതിയില്‍ ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാനത്ത് ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ സംസ്ഥാന ഭരണനേതൃത്വത്തെ വിമര്‍ശിക്കാനോ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രസ്താവന നടത്താനോ സ്വന്തം രാഷ്ട്രീയമാണ് ശരിയെന്ന് വിളിച്ചുപറയാനോ സമയം കണ്ടെത്തുന്നതാണ് ഇതുവരെ നമ്മള്‍ കണ്ടുപരിചയിച്ചത്. എന്നാല്‍ കൊല്ലത്ത് മോദിയുടെ രീതി വ്യത്യസ്തമായിരുന്നു.

മോദി ആരെയും വിമര്‍ശിച്ചില്ല. മാധ്യമങ്ങളോട് അധികം സംസാരിച്ചില്ല. കൊല്ലത്ത് വന്നതുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, നേതൃത്വം നല്‍കി. ആശുപത്രി സന്ദര്‍ശിച്ച് പരുക്കേറ്റ ഓരോ ആളിനെയും നേരില്‍ കണ്ടു. ഡോക്ടര്‍മാരുമായി സംസാരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കുവാനായുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കി. കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര രക്ഷാ സഹായമായി ലക്ഷങ്ങള്‍ അനുവദിച്ചു.

തന്‍റെ ദൌത്യം പൂര്‍ത്തിയായതിന് ശേഷം മാധ്യമങ്ങളോട് ചുരുങ്ങിയ വാക്കുകളില്‍ സാഹചര്യം വിശദീകരിച്ച പ്രധാനമന്ത്രി മറ്റൊരു രാഷ്ട്രീയ കാര്യങ്ങള്‍ക്കും സമയം അനുവദിക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങി. അതൊരു രക്ഷകന്‍റെ വരവായിരുന്നു എന്ന് ഏവരും സമ്മതിക്കും. കാരണം, പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിച്ചതിന്‍റെ പ്രധാന കാരണം പ്രധാനമന്ത്രിയുടെ ആ സന്ദര്‍ശനമാണ്.

ഗുജറാത്തിനെ ഭൂകമ്പം തകര്‍ത്തെറിഞ്ഞ ആ പഴയ കാലം ഓര്‍ത്തുപോവുകയാണ്. അന്ന് ഗുജറാത്തിന്‍റെ മുഖ്യമന്ത്രിപോലുമായിരുന്നില്ല നരേന്ദ്രമോദി. ദുരന്തസ്ഥലത്തേക്ക് പാഞ്ഞെത്തി എല്ലാ സഹായങ്ങളും നല്‍കിയ അതേ മോദിയെ തന്നെയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്തും കണ്ടത്. ഇങ്ങനെ ഒരു പ്രധാനമന്ത്രിയെയാണ് ഇന്ത്യ ഇക്കാലമത്രയും കാത്തിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :