കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയില്‍ വന്‍ പൊട്ടിത്തെറി. സൂര്യകാന്തി ഫയര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച രാവിലെ 10.30ന് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിനെത്തുടര്ന്ന് പടക്കശാലയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും കെട്ടിടം ഭാഗികമായും തകര്‍ന്ന നിലയിലാണ്. കണ്ടത്തില്‍ വീട്ടില്‍ നിത്യാനന്ദന് എന്നയാളുടെ ഉടമസ്ഥതയിലാണ് പടക്കശാല.
ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള മറ്റൊരു വാടക വീട്ടിലാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് ഇവിടെ അഞ്ച് ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ഓടി രക്ഷപ്പെട്ടതുകൊണ്ട് വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. കാരണം അറിവായിട്ടില്ല.
പെരുമ്പാവൂര്‍ പൊലീസും അഗ്നിശമനസേനാ വിഭാഗവും സംഭവസ്ഥലത്തെത്തി.