സോഷ്യലിസ്റ്റ് ജനതയില്‍ വീണ്ടും പൊട്ടിത്തെറി: പ്രേംനാഥ് പുറത്ത്

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ചേരിതിരിവ് രൂക്ഷമായ (ഡെമോകാക്രാറ്റിക്)യില്‍ പൊട്ടിത്തെറി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ എം കെ പ്രേംനാഥിനെ സോഷ്യലിസ്റ്റ് ജനത (ഡെമോകാക്രാറ്റിക്) സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. കൂടുതല്‍ ശിക്ഷാനടപടി ഒഴിവാക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി വീരേന്ദ്രകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞദിവസം കൊച്ചിയില്‍ പ്രേംനാഥ് അടക്കമുള്ള നേതാക്കള്‍ പ്രത്യേക യോഗംചേര്‍ന്ന് യുഡിഎഫ് വിടാന്‍ വീരേന്ദ്രകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 27ന് കൊച്ചിയില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും ഇവര്‍ തീരുമാനിച്ചു. ഇതേതുടര്‍ന്നാണ് നടപടി.
കൊച്ചിയിലെ യോഗത്തില്‍ പങ്കെടുത്ത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടിക്കട അഷ്റഫിനെ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുരുകദാസ്(പാലക്കാട്) ഐ എ റപ്പായി(തൃശൂര്‍) എന്നിവരോട് വിശദീകരണം ആരാഞ്ഞു. പാര്‍ട്ടി ഭരണഘടനയുടെ റൂള്‍ 14 പ്രകാരമാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സോഷ്യലിസ്റ്റ് പഠനകേന്ദ്രം എന്ന പേരില്‍ മുതിര്‍ന്ന നേതാവും മുന്‍ വൈസ് പ്രസിഡന്റുമായ ആലുങ്കല്‍ ദേവസിയുടെ ഇടപ്പള്ളിയിലെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. വീരേന്ദ്രകുമാറിന്റെയും മകന്‍ ശ്രേയാംസ്കുമാറിന്റെയും ഏകാധിപത്യമാണ് പാര്‍ടിയില്‍ നടക്കുന്നതെന്നാണ് പ്രമുഖ നേതാക്കളുടെ ആരോപണം. യുഡിഎഫ് വിടാന്‍ വീരേന്ദ്രകുമാര്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ ചേരുന്ന യോഗശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനും ആലോചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :