നാട്ടുഭാഷയുടെ കവിയ്ക്ക് നാടിന്റെ യാത്രാമൊഴി. നാടിനെയും നാട്ടുഭാഷയെയും സ്നേഹിച്ച ജൈവികതയുടെ കവി ഇനി ഓര്‍മ്മയുടെ വിഹായസില്. കവി ഡി വിനയചന്ദ്രന്റെ സംസ്കാരം ജന്മഗ്രാമമായ കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വാടക വീടുകളില്‍ കഴിഞ്ഞ കവിക്ക് സ്വന്തമായി ലഭിച്ച ഭൂമിയില്‍ അന്ത്യനിദ്ര.
ജന്മനാട്ടില് സ്വന്തമായി വീടുവെക്കണമെന്ന ആഗ്രഹം സഫലമാകാതെയാണ് കവിയുടെ മടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്, പിണറായി വിജയന്, രമേശ് ചെന്നിത്തല തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 1946 മെയ് 16ന് കൊല്ലം ജില്ലയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. അവിവാഹിതനാണ്.
നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകള്‍, വീട്ടിലേയ്ക്കുള്ള വഴി, ദിശാസൂചി, സമയമാനസം തുടങ്ങിയവ പ്രധാന കവിതാസമാഹാരങ്ങള്‍. പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന് (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന് (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2006ല്‍ ആശാന് സ്മാരക കവിതാ പുരസ്കാരവും ലഭിച്ചു.