കേരളത്തിലും ഗള്‍ഫിലും മാത്രമല്ല, തമിഴ്നാട്ടിലും ‘വിശ്വരൂപം‘ ഇല്ല
ചെന്നൈ|
WEBDUNIA|
PRO
PRO
കമലഹാസന്റെ പുതിയ ചിത്രമായ ‘വിശ്വരൂപം‘ പ്രദര്‍ശിപ്പിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിരോധനം. വിവിധ മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം.15 ദിവസത്തേക്കാണ് നിരോധനം. വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ചാണ് മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്.
മുഖ്യമന്ത്രി ജയലളിത വിളിച്ചു ചേര്‍ത്ത ഉന്നതഉദ്യോഗസ്ഥരുടെ പ്രത്യേക യോഗമാണ് ചിത്രം നിരോധിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.
ഇസ്ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടി ഗള്‍ഫിലും വിശ്വരൂപം നിരോധിച്ചിട്ടുണ്ട്. അതേസമയം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങള്‍ മൂലം കേരളത്തിലും ചിത്രം പ്രദശിപ്പിക്കുന്നില്ല. വൈഡ് റിലീസിംഗ് എന്ന കാരണമാണ് കേരളത്തില്‍ പ്രശ്നം സൃഷ്ടിച്ചത്. കേരളത്തിലെ സംഘടനകളുമായി കമല്‍ഹാസന്‍ ഫോണില്‍ ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
ചിത്രത്തിന്റെ ഡിടിഎച്ച് റിലീസ് ഫിബ്രവരി ഒന്ന്, രണ്ട് തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ബുധനാഴ്ച പ്രതിഷേധക്കാര്‍ കമല്‍ഹാസന്റെ ആല്‍വാര്‍പേട്ടിലുള്ള വീടിന് മുന്നില്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
വിശ്വരൂപം എന്ന ബിഗ് ബജറ്റ് ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക വിരുദ്ധമായ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ലെന്ന് കമലഹാസന്‍ പറയുന്നു.