തീവ്രവാദക്കേസുകളിലെ മുഖ്യപ്രതി തടിയന്റവിട നസീറിനെ വധിക്കാന്‍ ജയിലില്‍ ഗൂഢാലോചന നടത്തി എന്ന് പരാതി നല്‍കിയ വിയ്യൂര്‍ ജയിലിലെ സഹതടവുകാരന്‍ വിഷ്ണുവിനെ ആഭ്യന്തര സുരക്ഷാ അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിയിലുള്ള കാര്യങ്ങള്‍ ശരിയാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
പരാതിയിലെ വിരലടയാളം വിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. മോഷണക്കേസ് പ്രതിയാണ് വിഷ്ണു. ഇയാള്‍ നല്‍കിയതെന്ന് പറയപ്പെടുന്ന പരാതി മറ്റാരെങ്കിലും എഴുതിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. വധഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് തടിയന്റവിട നസീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നസീറിനെ വിയ്യൂരില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ജയിലില്‍ താന്‍ വധിക്കപ്പെടുമെന്നും അങ്ങനെ സംഭവിച്ചാല്‍ ജയില്‍ അധികൃതര്‍ തന്നെയായിരിക്കും അതിന് ഉത്തരവാദികള്‍ എന്നും നസീര്‍ പറഞ്ഞിരുന്നു. കോടതിയില്‍ ഹജരാക്കാനായി കൊണ്ടുവന്നപ്പോള്‍ നസീര്‍ മാധ്യമങ്ങളോടും ഇക്കാര്യം ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു.
ഇതെ തുടര്‍ന്ന് നസീര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാന്‍ കോടതി ഉത്തരവിട്ടിരുന്നു. സായുധ പൊലീസിന്റെ ശക്തമായ കാവലിലാണ് നസീറിനെ ചൊവ്വാഴ്ച കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പിന് പുറത്തിറക്കി നടത്തിക്കൊണ്ടു വരുന്നതിന് പകരം കോടതി വളപ്പിനകത്തേക്ക് വാഹനം കൊണ്ടുവന്ന് നസീറിനെ അവിടെ ഇറക്കിയാല്‍ മതി എന്നാണ് തീരുമാനം.