മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി തിരുവല്ല കോടതിയില്‍ കീഴങ്ങി. ബിസിനസ്സുകാരനായ കണ്ടെയ്നര്‍ സന്തോഷ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ കീഴടങ്ങിയത്. ഇയാളെ സബ് ജയിലിലേക്ക് മാറ്റി. വൈകിട്ട് ഇയാളെ ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കും.
കേസില്‍ മറ്റ് മൂന്ന് പ്രതികളെ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ആനന്ദ്, ഷെഫീക്ക്, മഹേഷ് എന്നിവരാണിവര്‍. ശാസ്താംകോട്ട കോടതി മെയ് 27 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഉണ്ണിത്താനെ വധിക്കുന്നതിനായുള്ള ക്വട്ടേഷന്‍ സംഘത്തെ നയിച്ച ഹാപ്പി രാജേഷ് പിന്നീട് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മരണത്തിന് പിന്നിലും കണ്ടെയ്നര്‍ സന്തോഷിന് പങ്കുണ്ടെന്നാണ് സൂചന.
ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് കണ്ടെയ്നര്‍ സന്തോഷ്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസില്‍ മദ്യപിച്ച് അഴിഞ്ഞാടിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് വാര്‍ത്ത കൊടുത്തതാണ് ഉണ്ണിത്താന് നേരെ വധശ്രമം ഉണ്ടായത്. വധശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന് ഇപ്പോഴും ചികിത്സയിലാണ്.