സൌമ്യയുടെ മരണം സിനിമയാകുന്നു, ടി എ റസാഖ് സംവിധായകന്
WEBDUNIA|
PRO
കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൌമ്യ വധം സിനിമയാകുന്നു. ട്രെയിനില്‍ ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യനാല്‍ ആക്രമിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ സൌമ്യയുടെ അനുഭവം സ്ക്രീനിലേക്ക് പകര്‍ത്തുന്നത് ടി എ റസാഖ്. തിരക്കഥാകൃത്ത് എന്ന നിലയില്‍ നിന്ന് സംവിധായകനായി മാറുന്ന റസാഖിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ‘സൌമ്യം ദീപ്തം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിനിമയുടെ തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രത്തില്‍ സൌമ്യയായി വേഷമിടുന്നത് ഒരു പുതുമുഖമാണ്. സൌമ്യയുടെ പ്രതിശ്രുത വരനായി ആസിഫ് അലി വേഷമിടുന്നു. ട്രെയിനില്‍ സൌമ്യയുടെ സഹയാത്രികയായി മംമ്ത എത്തും.
കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ ശ്രീനിവാസനാണ്. ശിക്കാറിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സമുദ്രക്കനി സൌമ്യം ദീപ്തത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായാണ് സമുദ്രക്കനി അഭിനയിക്കുന്നത്.
ഗോവിന്ദച്ചാമിയായി ആരഭിനയിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലയാളത്തിലെ പ്രമുഖനായ ഒരു വില്ലന്‍ നടന് ഈ വേഷം അവതരിപ്പിക്കും എന്നാണ് സൂചന. വേഷം, വിഷ്ണുലോകം, പെരുമഴക്കാലം, കാണാക്കിനാവ്, ഗസല്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്താണ് ടി എ റസാഖ്. സൌമ്യം ദീപ്തത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും റസാഖിന് പദ്ധതിയുണ്ട്.