കോതമംഗലം|
WEBDUNIA|
Last Modified വെള്ളി, 17 ഓഗസ്റ്റ് 2012 (09:14 IST)
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ നട്ത്തിവന്ന സമരം ഒത്തുതീര്‍പ്പായി. മിനിമം വേതനം നടപ്പിലാക്കാനും മൂന്ന് ഫിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനും തീരുമാനമായതോടെയാണിത്. സമരം ചെയ്ത നഴ്സുമാരെ ജോലിയില്‍ തിരിച്ചെടുക്കും.
ആത്മഹത്യാഭീഷണി മുഴക്കി അഞ്ചാം നിലയില്‍ നിലയുറപ്പിച്ചിരുന്ന മൂന്ന് നഴ്സുമാരെ സമരം തീര്‍ന്നതോടെ ബന്ധുക്കളും മറ്റ് നഴ്സുമാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സമരം ചെയ്യുന്ന നഴ്സുമാരുടെ അടുത്തേക്ക് ഇന്നലെ രാത്രി എത്തിയതോടെയാണ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായത്. 116 ദിവസമായി നഴ്സുമാര്‍ ഇവിടെ സമരം നടത്തിവരികയായിരുന്നു.
മിനിമം സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഈ മാസം 19ന് കൊച്ചിയില്‍ ആഭ്യന്തര, ആരോഗ്യ, തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനമായി.