സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് ഷോട്ട് ഫിലിമുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ദ ട്രിബ്യൂട്ട് എന്നു പേരിട്ടിരിക്കുന്ന ഷോട്ട് ഫിലിമില്‍ പീഡനം നടത്തുന്നവര്‍ക്ക് പിറകില്‍ എപ്പോഴും അവരെ ഭയപ്പെടുത്തി കൊണ്ട് കറുത്തകൈകള്‍ ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് നടത്തുന്നത്.
സഹോദരിയെ ക്രൂരമായി പീഡിപ്പിക്കുന്നത് കാണേണ്ടി വന്ന ഒരു സഹോദരന്റെ മാനസികാവസ്ഥയും അതിനെതിരെ അവന് പ്രവര്‍ത്തിക്കുന്നതുമാണ് പന്ത്രണ്ടു മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രത്തില്‍, ബി ടെക് വിദ്യാര്‍ത്ഥിയായ തൃശ്ശൂര്‍ സ്വദേശി ജെറിന് ജെയിംസാണ് ചിത്രത്തിന്റെ സംവിധായകന്. ജെറിന്റെ നാലാമത് ഷോട്ട് ഫിലിമാണിത്.
ഒരു കൂട്ടം ഫെയ്സ് ബുക്ക് ഫ്രണ്ട്സാണ് ഈ ചിത്രത്തില്‍ ജെറിനെ സഹായിച്ചിരിക്കുന്നത്. ദല്‍ഹി സ്വദേശി റോഷന്, തൃശ്ശൂര്‍ സ്വദേശി മെഫിന്‍ തയ്യാനക്കലുമാണ് അഭിനേതാക്കള്‍ . ദല്‍ഹിയിലും കൊച്ചിയിലും ഇതിന്റെ പ്രിവ്യൂ നടത്തിയ ശേഷം യൂട്യൂബിലിടാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു.
ബ്രദേഴ്സ് ഹെവനും ഫിലിം ഫാക്ടറി എന്റര്ടെയിന്മെന്റുമാണ് അറുപത്തയ്യായിരം രൂപ ചിലവില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍ വിഷ്ണു ശര്‍മ്മ, മിക്കു കാവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.