മനുഷ്യക്കടത്ത്‌: അന്വേഷണം ഊര്‍ജിതമാക്കുമെന്നു തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മനുഷ്യക്കടത്ത്‌ കേസില്‍ അന്വേഷണം ഊര്‍ജിതമായി നടത്തുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡിജിപിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. കോടതി സിബിഐ അന്വേഷണം നിര്‍ദേശിച്ചാല്‍ സര്‍ക്കാര്‍ എതിരുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അന്വേഷണം നിലച്ചതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ സംഘത്തലവനായ ഡിവൈഎസ്‌പി വര്‍ഗീസ്‌ വിരമിച്ച സാഹചര്യത്തിലാണ് അന്വേഷണം നിന്ന് പോയത്. പകരം ചുമതല ആര്‍ക്കും നല്‍കാത്ത സാഹചര്യത്തില്‍ ഒരു മാസമായി അന്വേഷണത്തില്‍ പ്രതിസന്ധി തുടരുകയാണ്‌.

മാത്രമല്ല അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. സംഘത്തിലുണ്ടായിരുന്ന എസ്‌ഐ ബിജു കുമാറിനെ തൃശൂരിലേക്ക്‌ സ്‌ഥലം മാറ്റുകയും മറ്റൊരു ഉദ്യോഗസ്‌ഥന്‌ സ്‌ഥാനക്കയറ്റം നല്‍കുകയും ചെയ്‌തതോടെയാണ് ഈ പ്രതിസന്ധി.

അറസ്‌റ്റിലായവരെ പല തവണ ചോദ്യം ചെയ്യുകയും ഉന്നതബന്ധം വ്യക്‌തമാകുകയും ചെയ്‌ത സാഹചര്യത്തില്‍ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കെയാണ്‌ കേസന്വേഷണത്തില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്‌.

വ്യാജരേഖ ഉണ്ടാക്കി തീവ്രവാദ സ്വഭാവമുള്ളവരെ പോലും വിദേശത്തേക്ക്‌ കയറ്റി അയച്ചെന്ന്‌ കണ്ടെത്തിയിരിക്കുന്ന കേസില്‍ നിയമപാലകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്‌. ഗള്‍ഫിലേക്ക്‌ വ്യാജ പാസ്‌പോര്‍ട്ടുമായി സ്‌ത്രീകളെ കയറ്റിവിട്ട കേസില്‍ പ്രതിയായ പോലീസ്‌ എസ്‌ ഐ രാജു മാത്യുവിനെ ഇതുവരെ പിടികൂടിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :